ബലക്ഷയം: ഒറ്റപ്പാലം നഗരസഭ ബസ് സ്റ്റാൻഡ് കെട്ടിടം പൊളിക്കും
text_fieldsഒറ്റപ്പാലം: ബലക്ഷയത്താൽ അപകട ഭീഷണിയിൽ തുടരുന്ന നഗരസഭ ബസ് സ്റ്റാൻഡ് കെട്ടിടം ഒടുവിൽ പൊളിച്ചുനീക്കാൻ തീരുമാനം. പാലക്കാട് - കുളപ്പുള്ളി പാതയോട് ചേർന്നുള്ള അഞ്ച് പതിറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടം പൊളിക്കണമെന്ന ആവശ്യം ഉയർന്നിട്ട് വർഷങ്ങളേറെയായി. കെട്ടിടത്തിൽനിന്ന് 30 ദിവസത്തിനകം ഒഴിയണമെന്നാവശ്യപ്പെട്ട് നഗരസഭ ഇതിലെ വ്യാപാരികൾക്ക് നോട്ടീസ് നൽകും. കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.
മഴയിൽ ചോർന്നൊലിച്ചും കോൺക്രീറ്റ് അടർന്ന് വീണും ബലക്ഷയം പ്രകടമാക്കിയിരുന്ന കെട്ടിടം പൊളിക്കണമെന്ന് കഴിഞ്ഞ നഗരസഭ ഭരണസമിതിയുടെ കാലത്ത് തന്നെ ആവശ്യമുയർന്നിരുന്നു. നഗരസഭയുടെ നിർദേശപ്രകാരം തൃശൂർ ഗവ. എൻജിനീയറിങ് കോളജിലെ വിദഗ്ധ സംഘം കെട്ടിടം പരിശോധിച്ചു നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം വേഗത്തിലായത്. കെട്ടിടം ഉപയോഗയോഗ്യമല്ലെന്നാണ് വിദഗ്ധ സംഘം നൽകിയ റിപ്പോർട്ട്.
സഹകരണ ബാങ്ക് ഉൾപ്പടെ ഇരുപതോളം സ്ഥാപനങ്ങളാണ് ഇതിൽ പ്രവർത്തിക്കുന്നത്. കെട്ടിടം പൊളിക്കുന്നതിന് മുമ്പായി ഇവ പുനരധിവസിപ്പിക്കാൻ സൗകര്യം ഒരുക്കണം. ബസ് സ്റ്റാൻഡ് വിപുലീകരണത്തിന്റെ ഭാഗമായി പൂർത്തിയാക്കിയ കോംപ്ലക്സിൽ ഒഴിവുള്ള കടമുറികളിലേക്ക് സ്ഥാപനങ്ങൾ മാറ്റാനുള്ള ആലോചനയും നഗരസഭക്കുണ്ട്. ഇതിന്റെ ഭാഗമായി വ്യാപാരികളുമായി ചർച്ച നടത്തും. വ്യാപാരികൾ അടച്ചിട്ടുള്ള നിക്ഷേപത്തിലും വാടകയിലും പുതിയ കെട്ടിടത്തിൽ തുടരാൻ അനുവദിക്കാനാണ് ധാരണ. കെട്ടിടത്തിന്റെ ദ്രവിച്ച കോൺക്രീറ്റ് അടർന്ന് വീണ് നേരത്തെ പലർക്കും പരിക്കേറ്റിട്ടുണ്ട്. പഴയ കെട്ടിടം പൊളിക്കുന്നതോടെ വീതിക്കുറവ് മൂലം ഭീഷണിയായ സ്റ്റാൻഡിലേക്കുള്ള കവാടങ്ങളും ഇല്ലാതാകുമെന്ന ആശ്വാസവുമുണ്ട്. നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച്ച് സെന്റർ (നാറ്റ് പാക്) സംഘം നേരത്തെ നടത്തിയ പരിശോധനയിൽ ഇടുങ്ങിയ കവാടങ്ങൾ മൂലമുള്ള അപകട സാധ്യത എടുത്തു പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.