ഒറ്റപ്പാലം നഗരസഭ കൗൺസിൽ യോഗത്തിൽ; ആരോപണപ്രത്യാരോപണങ്ങളുടെ കോലാഹലം
text_fieldsഒറ്റപ്പാലം: സൗത്ത് പനമണ്ണയിലെ അംഗൻവാടിയിൽനിന്ന് കാലാവധി കഴിഞ്ഞ പാക്കറ്റ് ഭക്ഷണ പദാർഥം കണ്ടെടുത്ത സംഭവത്തിൽ കുറ്റക്കാരെ സംരക്ഷിക്കാനുള്ള ശ്രമമാണ് ചെയർമാന്റെ ഭാഗത്ത് നിന്നുമുണ്ടാവുന്നതെന്നാരോപിച്ച് നഗരസഭ കൗൺസിൽ യോഗത്തിൽ വാഗ്വാദം. താലൂക്ക് ആശുപത്രിയിൽനിന്ന് അർബുദരോഗിക്ക് സർട്ടിഫിക്കറ്റ് അനുവദിച്ചു നൽകാത്തതും ചികിത്സ നിഷേധവും കൂടി മറ്റു പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചതോടെ ബഹളത്തിൽ യോഗം മണിക്കൂറുകൾ പിന്നിട്ടു. നഗരസഭക്ക് കീഴിൽ ആരംഭിക്കുന്ന വെൽനെസ് സെന്ററിന് പശ്ചാത്തല സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി വിളിച്ചുകൂട്ടിയ അടിയന്തര കൗൺസിലാണ് അജണ്ടയിൽനിന്ന് ആരോപണ പ്രത്യാരോപണങ്ങളിലേക്ക് വഴിമാറിയത്.
ഇതിനിടെ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി കൗൺസിലർമാർ ഹാളിന്റെ നടുമുറ്റത്ത് കുത്തിയിരുപ്പും ആരംഭിച്ചു. അതേസമയം ആരോഗ്യവിഭാഗം അംഗൻവാടിയിലെത്തി പരിശോധിച്ചതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിലായിരുന്നു നഗരസഭ അധ്യക്ഷയുടെ അമർഷം. പരിശോധന റിപ്പോർട്ട് മേലധികാരിക്ക് സമർപ്പിക്കുന്നതിന് മുമ്പ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് മൂലം പൊതുസമൂഹം ഭയത്തിലാണെന്നും ഇത് നീതികരിക്കാനാവില്ലെന്നും അവർ പറഞ്ഞു. കൃത്യമായി ജോലിചെയ്യുന്ന ഐ.സി.ഡി.എസ് സൂപ്പർവൈസറെ സസ്പെൻഡ് ചെയ്യാൻ അനുവദിക്കില്ലെന്നും അവർ പറഞ്ഞു. എച്ച്.എം.സി യോഗം ഒക്ടോബർ ആദ്യവാരത്തിൽ വിളിച്ചുകൂട്ടി ആശുപത്രിയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും അറിയിച്ചതോടെയാണ് നടുത്തളം വിട്ട് ബി.ജെ.പി കൗൺസിലർമാർ ഇരിപ്പിടങ്ങളിലേക്ക് മടങ്ങിയത്. നഗരസഭ അധ്യക്ഷ കെ. ജാനകിദേവി അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.