ഒറ്റപ്പാലം നഗരസഭ; 57.6 ലക്ഷത്തിന്റെ പദ്ധതികൾക്ക് അംഗീകാരം
text_fieldsഒറ്റപ്പാലം: നഗരസഭയിലെ തകർന്നുകിടക്കുന്ന ഒമ്പത് റോഡുകളുടെ നവീകരണം ഉൾപ്പെടെ പൊതുമരാമത്ത് പ്രവൃത്തികൾക്കായി 57.6 ലക്ഷം രൂപ പദ്ധതി തുക വെച്ചതിൽ കുറഞ്ഞ തുക രേഖപ്പെടുത്തിയ ടെൻഡറുകൾക്ക് കൗൺസിലിന്റെ അംഗീകാരം. മൂന്ന് അഴുക്കുചാൽ പദ്ധതികൾക്കായി എസ്റ്റിമേറ്റ് തുക 7.6 ലക്ഷമുള്ളതിൽ കുറഞ്ഞ തുകയായ 5.54 ലക്ഷം രേഖപ്പെടുത്തിയ ടെൻഡർ അംഗീകരിച്ചു.
37.5 ലക്ഷം രൂപയാണ് റോഡുകളുടെ റീ ടാറിങ്, കോൺക്രീറ്റ്, പുനരുദ്ധാരണം എന്നിവക്കായി അനുവദിച്ചത്. 28.96 ലക്ഷം രൂപയാണ് മൊത്തം ടെൻഡർ തുക. തനിച്ചെത്തുന്ന വനിതകൾക്ക് രാപ്പാർക്കാനായി നഗരസഭ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിൽ സജ്ജീകരിച്ച ഷീ ലോഡ്ജ് സംവിധാനത്തിന്റെ ഇരുമ്പ് ഗ്രിൽ ഉൾപ്പടെ സുരക്ഷ ക്രമീകരണങ്ങൾക്ക് മൂന്ന് ലക്ഷം രൂപ എസ്റ്റിമേറ്റ് നിശ്ചയിച്ചതിൽ 2.36 ലക്ഷത്തിന്റെ ടെൻഡറിനാണ് അംഗീകാരമായത്. കൈമാറ്റം ചെയ്ത വിദ്യാലയങ്ങളുടെ പ്രവേശന കവാടം, ബോർഡ് സ്ഥാപിക്കൽ എന്നിവക്ക് 1.07 ലക്ഷത്തിന്റെ ടെൻഡർ അംഗീകരിച്ചു.
1.5 ലക്ഷം രൂപയാണ് ഇതിന്റെ എസ്റ്റിമേറ്റ് തുക. ഒറ്റപ്പാലം ഗവ. ബധിര വിദ്യാലയത്തിന്റെ നവീകരണ പ്രവൃത്തികൾക്ക് മൂന്ന് ലക്ഷം എസ്റ്റിമേറ്റ് നിശ്ചയിച്ചതിൽ 2.22 ലക്ഷത്തിന്റെ ടെൻഡർ അംഗീകരിച്ചു. എം.എൽ.എ ഫണ്ടിൽ ഉൾപ്പെടുത്തിയ അഞ്ച് ലക്ഷം രൂപയുടെ പാതിരിക്കോട് വായനശാല കെട്ടിടം നിർമാണത്തിന് കുറഞ്ഞ തുകയായ 3.66 രേഖപ്പെടുത്തിയ ടെൻഡറും അംഗീകരിച്ചു. ഏക ടെൻഡർ രേഖപ്പെടുത്തിയ ഏതാനും പദ്ധതികളുടെ അംഗീകാരത്തിനായി ജില്ല പഞ്ചായത്ത് എക്സി. എൻജിനീയർക്ക് കൈമാറുമെന്നും നഗരസഭ അധികൃതർ അറിയിച്ചു. നഗരസഭ അധ്യക്ഷ കെ. ജാനകിദേവി അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.