കാർബൺ സന്തുലിത പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ഒറ്റപ്പാലം നഗരസഭ
text_fieldsഒറ്റപ്പാലം: നഗര പരിധിയിൽ തരിശുഭൂമി കൃഷിയോഗ്യമാക്കുന്നതിനും പച്ചത്തുരുത്തുകൾ സൃഷ്ടിച്ചും ഒറ്റപ്പാലം നഗരസഭ കാർബൺ സന്തുലിത പ്രവർത്തങ്ങൾക്ക് തുടക്കമിടുന്നു.
സംഘടന പ്രതിനിധികളെ പങ്കെടുപ്പിച്ച് നടത്തിയ പൊതുയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. പദ്ധതിയുടെ ഭാഗമായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. ഇതോടെ കാർബൺ സന്തുലിത പ്രവർത്തനത്തിന് തുടക്കമിടുന്ന ആദ്യ തദ്ദേശ ഭരണ സ്ഥാപനമെന്ന പദവി ഒറ്റപ്പാലം നഗരസഭക്ക് സ്വന്തം. ഹരിത കേരള മിഷന്റെ സഹായത്തോടെയാണ് നഗരസഭ പദ്ധതി നടപ്പാക്കുന്നത്. പദ്ധതി ആരംഭിക്കുന്നതിന്റെ ഭാഗമായി നഗരസഭ പരിധിയിൽ നിന്നും പുറംതള്ളപ്പെടുന്ന കാര്‍ബണിന്റെ അളവ് സംബന്ധിച്ച പ്രാഥമിക പഠനം പൂർത്തിയാക്കിയിരുന്നു.
കഴിഞ്ഞ വർഷം 50,974 ടൺ കാർബൺ പുറംതള്ളിയിട്ടുണ്ടന്നാണ് റിപ്പോർട്ട്. മുൻ വർഷത്തേതുമായി താരതമ്യപ്പെടുത്തുമ്പോൾ കാര്‍ബണിന്റെ അളവിൽ 7.4 ശതമാനം വർധനവാണ് രേഖപ്പെടുത്തുന്നത്. നഗരസഭയിലെ 30 വാർഡുകളിൽ നിന്നായി 10,000 വീടുകളിലെയും സ്ഥാപനങ്ങളിലെയും വൈദ്യുതി, പെട്രോൾ, ഡീസൽ, പാചക വാതകം എന്നിവയുടെ ഉപഭോഗത്തിന്റെ അടിസ്ഥാനത്തിലാണ് കാർബൺ പുറംതള്ളുന്നത് സംബന്ധിച്ച് പഠനം നടന്നത്. പദ്ധതി നടപ്പാകുന്നതിന്റെ മുന്നോടിയായി വലിച്ചെറിയൽ മുക്ത ഒറ്റപ്പാലം പ്രചാരണം പ്രഖ്യാപിച്ചു.
സൗരോർജ പദ്ധതിയുടെ പ്രചാരണത്തോടെ വൈദ്യുതി ഉപഭാഗം കുറക്കാനാകും. പദ്ധതിയുടെ ഭാഗമായി പ്രത്യേകം വാർഡ് സഭ യോഗങ്ങൾ ചേരും. വിദ്യാഭ്യാസ സ്ഥാപനങ്ങളും റസിഡന്റ്സ് അസോസിയേഷനുകളും കേന്ദ്രീകരിച്ച് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. ഹരിത കേരള മിഷൻ അധികൃതർ നഗരസഭയിലെത്തി പഠന റിപ്പോട്ട് വിലയിരുത്തിയതിനെ തുടർന്നാണ് പൊതുയോഗം സംഘടിപ്പിച്ചത്. നഗരസഭ അധ്യക്ഷ കെ,.ജാനകിദേവി പൊതുയോഗം ഉദ്ഘാടനം ചെയ്തു.
ഉപാധ്യക്ഷൻ കെ.രാജേഷ് അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷൻ ജില്ല കോ ഓർഡിനേറ്റർ പി.സൈതലവി, ഡോ. ശശി കോട്ടയിൽ, വിസ്മൽ , നഗരസഭ കൗൺസിലർമാർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.