ഒറ്റപ്പാലം നഗരസഭ; കെട്ടിടങ്ങളുടെ ലൈസൻസ് ഫീസ് 5% വർധിപ്പിക്കും
text_fieldsഒറ്റപ്പാലം: നഗരസഭയിലെ കെട്ടിടങ്ങൾക്ക് 2023-24 സാമ്പത്തിക വർഷത്തിൽ അഞ്ച് ശതമാനം ലൈസൻസ് ഫീസ് (വാടക) വർധിപ്പിക്കാൻ കൗൺസിൽ യോഗത്തിൽ തീരുമാനമായി. അഞ്ച് മുതൽ 15 ശതമാനം വരെ വർധന സർക്കാർ അംഗീകരിച്ചതാണ്. കാലാനുസൃത വർധന ഉണ്ടായിട്ടില്ലെന്നിരിക്കെയാണ് ഇപ്പോഴത്തെ നടപടി. പൊതുജനം കൂടുതലായി എത്തുന്ന പ്രധാന കേന്ദ്രങ്ങളിലും ഓഫിസുകളിലും ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിക്കുന്നതിന് അഞ്ചിടങ്ങളിലായി ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കും. നഗരസഭ കാര്യാലയത്തിനും താലൂക്ക് ആശുപത്രിക്ക് സമീപവും നഗരസഭ ബസ് സ്റ്റാൻഡിലും ചിനക്കത്തൂർ കാവ് മൈതാനിയിലും സബ് കലക്ടർ ഓഫിസ് പരിസരത്തുമാണ് ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കുക. ഒരു ബോട്ടിൽ ബൂത്തിന് 15,000 രൂപ ചെലവ് വരുമെന്നാണ് കണക്ക്.
നഗരസഭ പരിധിയിൽ പുതിയ തെരുവുവിളക്കുകൾ സ്ഥാപിക്കാൻ പുതിയ കരാറുകാരെ കണ്ടെത്താൻ തീരുമാനിച്ചു. സർക്കാർ അംഗീകൃത ഏജൻസിയായ കെൽട്രോൺ രേഖപ്പെടുത്തിയ തുക കൂടുതലായതിനാലാണ് പുതിയ കരാറുകാരെ തേടുന്നത്. ഇതിനായി ടെൻഡർ ക്ഷണിക്കും. നേരത്തേ ടെൻഡർ പ്രകാരം കരാറുമായി എത്തിയ സ്വകാര്യ കമ്പനിക്ക് യോഗ്യതയില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് കെൽട്രോണിനെ സമീപിച്ചത്. മൂന്ന് വാർഡുകളിലായി പുതിയ എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കാൻ 20 ലക്ഷം രൂപയാണ് വകയിരുത്തിയത്. കെൽട്രോൺ മുഖേന പദ്ധതി നടപ്പാക്കുന്ന പക്ഷം ഇത്രയും തുക ചെലവിട്ടാൽപോലും വിളക്കുകൾ പൂർണമായി സ്ഥാപിക്കാനാവില്ലെന്നും നഗരസഭ അധികൃതർ വ്യക്തമാക്കി. നഗരസഭ അധ്യക്ഷ കെ. ജാനകിദേവി അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.