ഒറ്റപ്പാലം നഗരസഭ ബസ് സ്റ്റാൻഡ് കൊള്ളാം; പക്ഷേ, എങ്ങനെ അകത്തുകടക്കും
text_fieldsഒറ്റപ്പാലം: കോടികൾ ചെലവിട്ട് പൂർത്തിയാക്കിയ ബസ് സ്റ്റാൻഡ് വിപുലീകരണത്തിന്റെ നേട്ടങ്ങൾക്ക് മുമ്പിൽ സ്റ്റാൻഡിലെ പഴയ കവാടങ്ങൾ 'ശകുനപ്പിഴ'യാകുന്നു. അര നൂറ്റാണ്ട് മുമ്പ് നിർമിച്ച കെട്ടിടത്തോട് ചേർന്ന കവാടത്തിലൂടെ ഞെങ്ങിഞെരുങ്ങി വേണം ബസിന് പുറത്തുകടക്കാൻ.
കവാടത്തിന്റെ വീതിക്കുറവുമൂലം ഇതിനിടയിൽ കുടുങ്ങിയും അല്ലാതെയും മരണം ഉൾപ്പടെ നിരവധി അത്യാഹിതകൾക്ക് ഒറ്റപ്പാലം നഗരസഭ ബസ് സ്റ്റാൻഡ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ബസുകളുടെയും യാത്രക്കാരുടെയും ആധിക്യം കണക്കിലെടുത്തായിരുന്നു പഴയ ബസ് സ്റ്റാൻഡിനോട് ചേർന്ന് പുതിയ സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സ് പൂർത്തിയാക്കിയത്.
2019 ഫെബ്രുവരി 22 നായിരുന്നു ഉദ്ഘാടനം. നേരത്തെ മുതൽ പേരുദോഷം ഏൽപ്പിച്ച കവാടം തന്നെ വിപുലീകരണത്തിന് ശേഷവും ഉപയോഗിക്കേണ്ടിവരുന്നതാണ് ദുരിതം ഇരട്ടിപ്പിക്കുന്നത്. കാലപ്പഴക്കത്താൽ പലയിടത്തും കോൺക്രീറ്റ് അടർന്ന് വീഴുന്ന അവസ്ഥയാണ്. രണ്ട് കവാടങ്ങളുള്ളതിൽ ബസിന് പുറത്ത് പോകാൻ ഒന്നും സ്റ്റാന്റിനകത്ത് പാർക്ക് ചെയ്യുന്ന ഓട്ടോകൾക്കായി മറ്റൊന്നുമാണുള്ളത്.
ബസുകൾ കവാടത്തിൽ പ്രവേശിക്കുന്ന ഘട്ടങ്ങളിൽ ഇതിനകത്ത് അകപ്പെടുന്നവർക്ക് മാറി നിൽക്കാൻ പോലും ഇടമില്ലാത്തതാണ് അപകടങ്ങൾക്ക് ഇടയാക്കുന്നത്. കവാടത്തിന്റെ വശങ്ങളിൽ ഇടിച്ചും ഞരുങ്ങിയും ബസുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും പതിവാണ്. നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിംഗ് ആൻറ് റിസർച്ച് സെന്റർ (നാറ്റ്പാക്ക്) നിർമാണം പൂർത്തിയായ ഘട്ടത്തിൽ ബസ് സ്റ്റാൻഡിൽ എത്തി പരിശോധന നടത്തിയിരുന്നു.
യാത്രക്കാർക്ക് സ്റ്റാൻഡിൽ സുരക്ഷാ ഭീഷണി നേരിടുന്നുണ്ടെന്നതുൾപ്പടെ നിരവധി ന്യുനതകൾ നാറ്റ്പാക് സംഘം കണ്ടെത്തിയിരുന്നു. നഗരസഭയുടെ കഴിഞ്ഞ ഭരണ സമിതിയിൽ പഴയ കെട്ടിടം പൊളിച്ച് പുതിയത് നിർമിക്കുന്നതോടൊപ്പം വീതികൂട്ടി കവാടങ്ങൾ സൗകര്യപ്പെടുത്തണമെന്ന ആവശ്യം പലതവണ ഉയർന്നിരുന്നു.
എന്നാൽ ഭീമമായ നിർമാണ ചെലവും കോംപ്ലക്സിലെ വ്യാപാരികളെ പുനരധിവസിപ്പിക്കാനുള്ള സാങ്കേതിക പ്രശ്നങ്ങളുമാണ് കെട്ടിടം പൊളിക്കുന്നതിനെതിരെ മറുവാദമായി അധികൃതർ ഉന്നയിച്ചത്. പതിറ്റാണ്ടുകൾക്ക് മുമ്പുണ്ടായിരുന്ന അവസ്ഥയിൽനിന്ന് ബസുകളുടെയും യാത്രക്കാരുടെയും എണ്ണത്തിൽ പലമടങ്ങ് വർധനവുണ്ടായി.
കവാടം കടന്ന് പാലക്കാട് - കുളപ്പുള്ളി പാതയിലേക്ക് പ്രവേശിക്കാനുള്ള ബസുകളുടെ നിരനിരയായ കാത്ത് കിടപ്പ് നഗരത്തിലെ ഗതാതക്കുരുക്കിനും ഇടായാക്കുന്നു. 21 കോടിയോളം രൂപയാണ് സ്ഥല വിലക്ക് പുറമെ ബസ് സ്റ്റാൻഡ് വിപുലീകരണത്തിനായി നഗരസഭ കടമെടുത്ത് ചെലവിട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.