ഒറ്റപ്പാലം നഗരസഭ; പൊളിച്ച പാതകൾ ജൂൺ ഒന്നിന് മുമ്പായി നന്നാക്കാൻ നിർദേശം
text_fieldsഒറ്റപ്പാലം: പൈപ്പ് ലൈൻ സ്ഥാപിക്കാനായി ജല അതോറിറ്റി വെട്ടിപ്പൊളിച്ച പാതകൾ ജൂൺ ഒന്നിന് മുമ്പ് പൂർവസ്ഥിതിയിലാക്കാൻ നഗരസഭ കരാറുകാർക്ക് നിർദേശം നൽകി. ഇക്കാര്യത്തിൽ വീഴ്ചയുണ്ടാകുന്ന പക്ഷം കരാറുകാർക്ക് പണം നൽകേണ്ടതില്ലെന്നും തീരുമാനിച്ചു. നഗരസഭ അധ്യക്ഷ കെ. ജാനകി ദേവിയുടെ അധ്യക്ഷതയിൽ ജല അതോറിറ്റി ഉദ്യോഗസ്ഥരെയും കൗൺസിലർമാരെയും കരാറുകാരെയും പങ്കെടുപ്പിച്ച് നടത്തിയ യോഗത്തിലാണ് തീരുമാനം. അമൃത് പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ പാതകളിൽ പലതും മാസങ്ങളിലായി പൊളിച്ചിട്ട നിലയിലാണ്.
ചാലുകളിൽ പൈപ്പുകൾ നിക്ഷേപിച്ചശേഷം മണ്ണിട്ട് നികത്തുക മാത്രമാണ് കരാറുകാർ ചെയ്യുന്നതെന്നും പലതവണ ആവശ്യപ്പെട്ടിട്ടും പാത പൂർവസ്ഥിതിയിലാക്കുന്നതിൽ തുടർച്ചയായി അനാസ്ഥ കാട്ടുകയാണെന്നും കൗൺസിലർമാർ ആരോപിച്ചു. 10.48 കോടി രൂപ ചെലവിലാണ് അമൃത് പദ്ധതിയുടെ ഭാഗമായി വിപുലീകരണ പ്രവർത്തനം നടക്കുന്നത്. വാഹനയാത്രക്കാർക്കും നാട്ടുകാർക്കും ഇതുമൂലം ബുദ്ധിമുട്ടുകൾ വ്യാപകമായിട്ടും ചെവികൊടുക്കാത്ത സാഹചര്യത്തിലാണ് നഗരസഭ നേരിട്ട് ജല അതോറിറ്റിയുടെയും കരാറുകാരുടെയും യോഗം വിളിച്ചത്. മഴയെ തുടർന്ന് ചാലുകളിലേക്ക് മണ്ണിറങ്ങിയും പരന്നൊഴുകിയും കാൽനട യാത്രക്കാരും ബുദ്ധിമുട്ടിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.