ഒറ്റപ്പാലം നഗരസഭ കാര്യാലയം മാറ്റൽ: സ്ഥല പരിശോധന നടത്തി
text_fieldsഒറ്റപ്പാലം: നഗരസഭ കാര്യാലയം ബസ് സ്റ്റാൻഡ് പരിസരത്തേക്ക് മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായി സ്ഥല പരിശോധന നടത്തി. നഗരസഭ അധികൃതരും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായാണ് പരിശോധന നടത്തിയത്. ബസ് സ്റ്റാൻഡിന് പുറകിലായി രണ്ടേക്കർ സ്ഥലം ലഭ്യമാക്കാൻ കഴിയുമെന്നാണ് പരിശോധനയിൽ മനസിലായതെന്ന് നഗരസഭ അധികൃതർ പറഞ്ഞു.
ബസ് സ്റ്റാൻഡിന് പുറകിൽ സുന്ദരയ്യർ റോഡുമായി ബന്ധിക്കുന്നിടത്താണ് സ്ഥലം. നഗരസഭ മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട് ഭാവി വികസനം നടപ്പാക്കുന്നതിന് മരവിപ്പിച്ച ഭാഗമാണിത്. ഉടമകളുമായി കൂടിയാലോചിക്കുന്നതിനായി ഇവരെ പങ്കെടുപ്പിച്ച് യോഗം വിളിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും അധികൃതർ പറഞ്ഞു. സ്ഥലപരിമിതി മൂലവും വികസന പ്രവർത്തനങ്ങൾ നടത്താൻ കഴിയാത്തതിനാലും നിലവിലെ നഗരസഭ ഓഫിസ് മാറ്റണമെന്ന ആവശ്യം കഴിഞ്ഞ നഗരസഭ ബജറ്റിൽ ഉയർന്നിരുന്നു. തുടർന്നാണ് സ്ഥലം കണ്ടെത്താൻ ശ്രമങ്ങൾ ആരംഭിച്ചിട്ടുള്ളത്. നഗരസഭ അധ്യക്ഷ കെ. ജാനകിദേവി, ഉപാധ്യക്ഷൻ കെ. രാജേഷ്, സ്ഥിരം സമിതി അധ്യക്ഷരായ കെ. അബ്ദുൽ നാസർ, സുനീറ മുജീബ്, ടി. ലത, കൗൺസിലർ എസ്. ഗംഗാധരൻ, സെക്രട്ടറി എ.എസ്. പ്രദീപ്, എൻജിനീയർ ജയപ്രകാശ്, ഡെപ്യൂട്ടി തഹസിൽദാർ പി. വിജയകുമാർ തുടങ്ങിയവരായിരുന്നു പരിശോധന സംഘത്തിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.