മുഖം മിനുക്കി ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ
text_fieldsഒറ്റപ്പാലം: മലബാറിന്റെ പ്രവേശന കവാടമെന്ന് വിശേഷിപ്പിക്കാവുന്ന ഒറ്റപ്പാലം റെയിൽവേ സ്റ്റേഷന്റെ മുഖംമിനുക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു.ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പില്ലെന്നതുൾപ്പെടെയുള്ള ആക്ഷേപം നിലനിൽക്കെയാണ് നവീകരണം. പ്ലാറ്റുഫോമുകളിലെ ഭാഗികമായ മേൽക്കൂരയും പാർക്കിങ് സൗകര്യങ്ങളുടെ പരിമിതികളും സംബന്ധിച്ച പരാതികൾക്ക് നവീകരണ പ്രവർത്തനം പരിഹാരമാകും. റെയിൽവേയുടെ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിപുലീകരണം നടക്കുന്നത്.
ഇതിനായി 7.58 കോടി രൂപയാണ് പദ്ധതിരേഖ പ്രകാരം അനുവദിച്ചത്. നിർമാണ പ്രവൃത്തികൾക്ക് 6.02 കോടി രൂപയും വൈദ്യുതക്രമീകരങ്ങളാക്കായി 1.17 കോടി രൂപയും ടെലികോം നവീകരണത്തിന് 39 ലക്ഷം രൂപയുമുൾപ്പടെയാണിത്. സ്റ്റേഷന് സമീപമുള്ള പാതയോരത്തെ നിലവിലുണ്ടായിരുന്ന പാർക്കിങ് സൗകര്യം വിപുലീകരിക്കാനായി മരം മുറിച്ച് നിലം ഒരുക്കൽ പൂർത്തിയായി. ഇതിന് എതിരിലുള്ള റെയിൽവേ ക്വാർട്ടേഴ്സിന് സമീപമുള്ള സ്ഥലവും പാർക്കിങ്ങിനായി ഉപയോഗിക്കാൻ ഒരുക്കം പൂർത്തിയാക്കിയിട്ടുണ്ട്.
രണ്ട് പ്ലാറ്റ്ഫോമുകൾക്കും സമ്പൂർണ മേൽക്കൂരയുടെ പ്രവൃത്തികളും സ്റ്റേഷൻ പ്രവേശന കവാടം നവീകരണവും പുരോഗമിക്കുന്നു. കാത്തിരിപ്പ് മുറികൾ, ശൗചാലയം, ലഘു ഭക്ഷണ ശാലകൾ, നടപ്പാതകളുടെ നവീകരണം തുടങ്ങിയവയും പദ്ധതിയിൽ ഉൾപ്പെടും. പ്രധാന സ്റ്റേഷനുകളിൽ ഒന്നായ ഒറ്റപ്പാലത്ത് ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് ഇല്ലാത്തതാണ് വികസന പ്രവർത്തങ്ങൾക്കിടയിലും കല്ലുകടിയാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.