ട്രെയിനുകൾക്ക് സ്റ്റോപ്പില്ലെങ്കിലും മുഖം മിനുക്കി ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ
text_fieldsഒറ്റപ്പാലം: അമൃത് ഭാരത് പദ്ധതിയിലുൾപ്പെടുത്തി നവീകരണ പ്രവർത്തികൾ തകൃതിയായി നടക്കുമ്പോഴും ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ് ഇല്ലാത്തത് ഒറ്റപ്പാലം റെയിൽവേ സ്റ്റേഷന്റെ യശസ്സിന് മങ്ങലേൽപ്പിക്കുന്നു.1904ൽ നാടിന് സമർപ്പിച്ച പ്രമുഖ സ്റ്റേഷനായിട്ടും 120 വർഷത്തിന്റെ വികസനമില്ലാത്ത സ്റ്റേഷനായി ഒറ്റപ്പാലം തുടരുകയാണ്.
നിലവിൽ അമൃത് ഭാരത് പദ്ധതിയിൽ 10.76 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് സ്റ്റേഷനിൽ പുരോഗമിക്കുന്നത്. വാഹനങ്ങളുടെ പാർക്കിങ് ഏരിയ വികസിപ്പിക്കൽ, പ്രവേശന കവാടം ഒരുക്കൽ, റോഡും നടപ്പാതകളും നവീകരിക്കൽ, ആധുനിക ശൗചാലയങ്ങളോട് കൂടിയ ശീതികരിച്ച ആൺ, പെൺ കാത്തിരിപ്പ് മുറികൾ, യാത്രക്കാർക്ക് വിവരങ്ങൾ നൽകാനുള്ള സംവിധാനം, പ്ലാറ്റ്ഫോമുകളിലെ മേൽക്കൂരകളുടെ നിർമാണം തുടങ്ങിയ നിർമാണ പ്രവർത്തികളാണ് നിലവിൽ പുരോഗമിക്കുന്നത്.
അന്താരാഷ്ട്ര തലത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുടെ നാടെന്ന നിലയിലുള്ള വളർച്ചയൊന്നും നിഭാഗ്യവശാൽ ഒറ്റപ്പാലത്തിന് ലഭിച്ചിട്ടില്ല. കോവിഡ് മഹാമാരിയെത്തുടർന്ന് നിർത്തലാക്കിയ സ്റ്റോപ്പുകളിൽ പലതും പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും റെയിൽവേ കനിഞ്ഞിട്ടില്ല. ഷൊർണൂർ സ്പർശിക്കാതെ ഒറ്റപ്പാലം വഴി കടന്നുപോകുന്ന ട്രെയിനുകളിലെ യാതക്കാരെയാണ് സ്റ്റോപ്പില്ലാത്ത ദുരിതം കൂടുതലും വലക്കുന്നത്. ജില്ലയുടെ വടക്കൻ പ്രദേശങ്ങളിലേക്ക് എത്തിച്ചേരേണ്ടവർക്ക് കൂടുതൽ സൗകര്യം ഒറ്റപ്പാലം സ്റ്റേഷനാണ്. പാലക്കാട്ടുനിന്ന് ഒറ്റപ്പാലം വഴി ഷൊർണൂരിലെത്താതെ തൃശൂരിലേക്ക് ഓടുന്നത് 45 ട്രെയിനുകളാണ്. ഇതിൽ 16 ട്രെയിനുകൾക്ക് മാത്രമാണ് ഒറ്റപ്പാലത്ത് സ്റ്റോപ്പുള്ളത്. ഇതിൽ നിത്യേന ഓടിക്കൊണ്ടിരിക്കുന്ന ഒമ്പത് ട്രെയിനുകളെയാണ് യാത്രക്കാർ കൂടുതലായി ആശ്രയിക്കുന്നത്.
ഷൊർണൂരിൽ സ്റ്റോപ്പുള്ളതും ഒറ്റപ്പാലത്ത് നിർത്താത്തതുമായ നിരവധി ട്രെയിനുകൾ വേറെയുമുണ്ട്. സ്റ്റോപ് അനുവദിക്കാത്ത സ്റ്റേഷനാണ് ഇപ്പോൾ മോടിപിടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.