ഒറ്റപ്പാലത്ത് ട്രാഫിക് സിഗ്നൽ ലൈറ്റുകൾ മിഴിപൂട്ടിയിട്ട് പത്തു വർഷം
text_fieldsഒറ്റപ്പാലം: ഗതാഗത നിയന്ത്രണം സുഖമമാക്കാൻ ലക്ഷങ്ങൾ ചെലവിട്ട് സ്ഥാപിച്ച നഗരത്തിലെ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ നോക്കുകുത്തി. പ്രവർത്തനം തുടങ്ങി മണിക്കൂറുകൾക്കകം സിഗ്നൽ ലൈറ്റുകൾ മിഴിപൂട്ടിയിട്ട് പത്ത് വർഷം പൂർത്തിയായി.
നഗരത്തിലെ നടപ്പാതയിൽ വഴിമുടക്കികളായി മാറിയ സിഗ്നൽ ലൈറ്റ് സംവിധാനം നീക്കം ചെയ്യണമെന്ന നാട്ടുകാരുടെ ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. ജനത്തിരക്കേറിയ നഗരപാതയിൽ ലൈറ്റുകളും ബന്ധം വേർപെട്ട നിലയിൽ അനുബന്ധ സാമഗ്രികളും തുരുമ്പെടുത്ത് ഏത് സമയവും നിലാപൊത്തുന്ന അവസ്ഥയിലാണ്. ഇടുങ്ങിയ നഗരപാതയിൽ ആർക്കും പ്രയോജനമില്ലാത്ത അവസ്ഥയിലാണ് സംവിധാനം.
കാൽക്കോടി രൂപ ചെലവിട്ടാണ് സിഗ്നൽ സംവിധാനം ഒറ്റപ്പാലത്ത് ഒരുക്കിയത്. വാഹനക്കുരുക്ക് നിത്യ ശാപമായ ഒറ്റപ്പാലത്ത് ഗതാഗതക്കുരുക്കഴിച്ച് തളരുന്ന ട്രാഫിക് പൊലീസിെൻറ അത്യധ്വാനം കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കാൻ തീരുമാനമായത്. എം.എൽ.എ ഫണ്ട് വിനിയോഗിച്ച് കെൽട്രോൺ കമ്പനിയുടെ നേതൃത്വത്തിലായിരുന്നു ട്രാഫിക് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചത്.
ടി.ബി റോഡ്, ആർ.എസ് റോഡ്, സെൻഗുപ്ത റോഡ് കവലകളാണ് ലൈറ്റുകൾ സ്ഥാപിക്കാൻ തിരഞ്ഞെടുത്തത്. ട്രാഫിക് ലൈറ്റുകൾ പ്രവർത്തിച്ചു തുടങ്ങിയതോടേ നഗരപാതയിൽ വാഹനങ്ങൾ കെട്ടിക്കിടക്കുന്ന കാഴ്ചക്കാണ് ആദ്യദിനം തന്നെ ഒറ്റപ്പാലം സാക്ഷ്യംവഹിച്ചത്. ലൈറ്റുകൾ കണ്ണുതുറന്നതോടെ നഗരപാതയിലെ ഗതാഗതക്കുരുക്ക് പതിന്മടങ്ങായി. നഗരപാതയിൽ ഗതാഗതക്കുരുക്കിലകപ്പെട്ട് വാഹനങ്ങൾ കെട്ടിക്കിടന്നതോടെ വിശ്രമം മതിയാക്കി പൊലീസ് രംഗത്തിറങ്ങി.
കാര്യങ്ങൾ കൈവിട്ടെന്ന് തിരിച്ചറിഞ്ഞ പൊലീസ് സിഗ്നൽ ലൈറ്റുകൾ പൂർണമായും അണച്ച് വാഹന നിയന്ത്രണ ചുമതല ഏറ്റെടുത്തതോടെയാണ് കുരുക്കിന് ശമനമുണ്ടായത്. അന്ന് കണ്ണടച്ച ലൈറ്റുകൾ പിന്നീട് ഒരിക്കൽപോലും കണ്ണ് തുറന്നിട്ടില്ല.
സിഗ്നൽ സംവിധാനത്തിൽ ലൈറ്റ് മാറുന്നതിനായി അനുവദിച്ച സമയത്തിലുണ്ടായ താളക്കേടുകളാണ് ദോഷമായതെന്നാണ് വിവരം. ലക്ഷങ്ങൾ മുടക്കിയ ട്രാഫിക് ലൈറ്റിൻെറ തകരാർ പരിഹരിക്കാനോ അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കാനോ വേണ്ട ശ്രമങ്ങങ്ങളൊന്നും ഉണ്ടായതുമില്ല. തുരുമ്പെടുത്ത് ഉപയോഗ ശൂന്യമായ ട്രാഫിക് ട്രാഫിക് സംവിധാനം തലക്ക് മുകളിൽ പതിയിരിക്കുന്ന ഭീഷണിയാണിന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.