ഒറ്റപ്പാലം താലൂക്ക് വികസന സമിതി; ഭാരതപ്പുഴയിൽനിന്ന് മണലെടുക്കാൻ തീരുമാനം
text_fieldsഒറ്റപ്പാലം: ഷൊർണൂർ, ഒറ്റപ്പാലം മേഖലകളിലെ ഭാരതപ്പുഴയിൽനിന്ന് മണലെടുക്കാൻ തീരുമാനം. താലൂക്ക് വികസന സമിതി യോഗത്തിൽ ഒറ്റപ്പാലം തഹാസിൽദാറാണ് ഇക്കാര്യമറിയിച്ചത്. തിരുവനന്തപുരത്തുള്ള ബന്ധപ്പെട്ട വകുപ്പ് ഇതുസംബന്ധിച്ച് പുഴയിൽ സർവേ നടപടികൾ പൂർത്തിയാക്കി സ്പോട്ടുകൾ അടയാളപ്പെടുത്തിയിട്ടുണ്ട്. മഴയെ തുടർന്ന് പുഴയിൽ വെള്ളം ഉയർന്നതാണ് നടപടി വൈകുന്നതെന്നും തഹസിൽദാർ പറഞ്ഞു.
കണ്ണിയംപുറം തോട്ടിൽ മണ്ണും മണലും അടിഞ്ഞത് നീക്കം ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും ഭാരതപ്പുഴയിൽ മണൽ കുമിഞ്ഞുകൂടി കിടക്കുന്നതിനാൽ തോട്ടിൽനിന്ന് പുഴയിലേക്കുള്ള ഒഴുക്കിന് തടസ്സമുണ്ടാകുന്നുണ്ടെന്നും നഗരസഭ അധ്യക്ഷ കെ. ജാനകി ദേവി അറിയിച്ചതിനെ തുടർന്നാണ് തഹസിൽദാരുടെ വെളിപ്പെടുത്തൽ. വയനാട് ഉരുൾപൊട്ടൽ പശ്ചാത്തലത്തിൽ അനങ്ങൻ മലയിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിക്കെതിരെ സ്വീകരിച്ച നിലപാട് വ്യക്തമാക്കണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. ജനങ്ങൾക്ക് ദ്രോഹമായി മാറുന്ന ഒരു സ്ഥാപനവും തുടരാൻ അനുവദിക്കരുതെന്നതാണ് നഗരസഭയുടെയും സർക്കാറിന്റെയും നിലപാടെന്ന് അഡ്വ. കെ. പ്രേംകുമാർ എം.എൽ.എ അറിയിച്ചു.
അതേസമയം കൗൺസിലർമാരുടെയും നാട്ടുകാരുടെയും പ്രതിഷേധം കണക്കിലെടുത്ത് നഗരസഭ സെക്രട്ടറി ക്വാറിയുടെ പ്രവർത്തനത്തിൽ വിയോജിപ്പ് രേഖപ്പെടുത്തി അയച്ചത് സർക്കാർ റദ്ദ് ചെയ്ത് ക്വാറിയുടെ പ്രവർത്തനം തുടരാൻ അനുവദിക്കുകയാണുണ്ടായതെന്നും അംഗങ്ങൾ പ്രസ്താവിച്ചു.
ക്വാറിയുടെ പ്രവർത്തനം സംബന്ധിച്ച് ഫയൽ നോക്കാതെ പറയാൻ കഴിയില്ലെന്ന് തഹസിൽദാരും സബ് കലക്ടർ ഓഫിസ് പ്രതിനിധിയും ഒരേമട്ടിൽ മറുപടി നൽകിയതിനെതിരെ അംഗങ്ങൾ പ്രതികരിച്ചു. ക്വാറിക്കെതിരെ വർഷങ്ങളായി ബഹുജന പ്രക്ഷോഭങ്ങളും വിദ്യാർഥികൾ അടങ്ങുന്ന പ്രദേശവാസികളും രംഗത്തുവന്ന സാഹചര്യത്തിൽ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർക്ക് കാര്യം അറിയില്ലെന്ന് പറയുന്നത് നിരുത്തരവാദപരമാണെന്ന് അംഗങ്ങൾ ആരോപിച്ചു.
തിരക്കുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തുന്ന വാഹന പരിശോധന അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ടെന്ന ആക്ഷേപവും ഉയർന്നു. പൊലീസിനെ പ്രതിനിധീകരിച്ച് യോഗത്തിൽ ആരും പങ്കെടുത്തിരുന്നില്ല. ഇക്കാര്യം ഡിവൈ.എസ്.പിയുടെ ശ്രദ്ധയിൽപെടുത്താൻ യോഗം തീരുമാനിച്ചു. യോഗത്തിന്റെ അധ്യക്ഷ സ്ഥാനം അഡ്വ. കെ. പ്രേംകുമാർ അൽപസമയത്തിന് ശേഷം നഗരസഭ അധ്യക്ഷ കെ. ജാനകി ദേവിക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.