വികസനസമിതി യോഗത്തിൽ ഒറ്റപ്പാലം താലൂക്ക് ആശുപത്രിക്കെതിരെ വിമർശനം
text_fieldsഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്താൻ ആവശ്യമായ എല്ലാ സംവിധാനങ്ങളും ഉണ്ടെന്നിരിക്കെ മൃതദേഹങ്ങൾ അനാവശ്യമായി ജില്ല ആശുപത്രിയിലേക്ക് അയക്കുന്നതായി താലൂക്ക് വികസന സമിതി യോഗത്തിൽ വിമർശനം. താലൂക്ക് ആശുപത്രിയിൽ എത്തുന്ന രോഗികളെ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ ജില്ല ആശുപത്രിയിലേക്കും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും റഫർ ചെയ്യുകയാണെന്ന ആക്ഷേപം നിലനിൽക്കെയാണ് പോസ്റ്റ്മോർട്ടത്തിനും ജില്ല ആശുപത്രിയിലേക്ക് വിടുന്നതിൽ അമർഷം ഉയർന്നത്. മരത്തിൽനിന്ന് വീണ് ചികിത്സയിലിരിക്കെ മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ ജില്ല ആശുപത്രിയിലേക്കാണ് അയച്ചതെന്നും ഇതുമൂലം മരിച്ചയാളുടെ ബന്ധുക്കൾ ഒരുപാട് ബുദ്ധിമുട്ടുകൾ സഹിക്കേണ്ടിവന്നതായും പരാതി ഉയർന്നു. ആംബുലൻസ് അന്വേഷിച്ചപ്പോൾ ഇല്ലെന്നാണ് മറുപടി ലഭിച്ചതെന്നും തുടർന്ന് നഗരസഭാധ്യക്ഷയുടെ ഇടപെടലിനെ റതുടർന്ന് ആംബുലൻസ് വിട്ടുനൽകുകയായിരുന്നെന്നും അംഗങ്ങൾ അറിയിച്ചു.
ആശുപത്രിയിൽനിന്ന് പൊലീസ് സ്റ്റേഷനിലേക്ക് നൽകുന്ന മരണങ്ങൾ സംബന്ധിച്ച് കേസെടുക്കുന്നില്ലെന്ന പരാതിയും ഉയർന്നു. ഇത്തരത്തിൽ 2023 ഡിസംബർ ഒന്ന് മുതൽ 2024 ഏപ്രിൽ 30 വരെയുള്ള അഞ്ച് മാസം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ നിന്നും റിപ്പോർട്ട് ചെയ്ത മരണം 76 ആണെന്നും ഇതിൽ പലവിധ ഇടപെടലുകളെ തുടർന്ന് ഒമ്പത് മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഒഴിവാക്കിയെന്നും യോഗത്തിൽ ചർച്ചയായി. ശേഷിക്കുന്ന 69 എണ്ണം പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയെങ്കിലും പൊലീസ് ഒരു കേസ് പോലും എടുത്തില്ലന്ന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച വസ്തുതയുടെ അടിസ്ഥാനത്തിൽ ആക്ഷേപം ഉന്നയിച്ച അംഗം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.