ഒറ്റപ്പാലം താലൂക്ക് ആശുപത്രി കാരുണ്യ ഫാർമസി പ്രവർത്തനം അവതാളത്തിൽ
text_fieldsഒറ്റപ്പാലം: ഫണ്ടുണ്ടായിട്ടും മരുന്ന് വാങ്ങിയതിന്റെ വില കുടിശ്ശികയായി തുടരുന്നത് മൂലം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ കാരുണ്യ ഫാർമസിയുടെ പ്രവർത്തനം അവതാളത്തിലായതായി നഗരസഭ കൗൺസിൽ യോഗത്തിൽ വിമർശനം. ആശുപത്രിയിലുണ്ടായിരുന്ന ഡാറ്റ എൻട്രി ഓപറേറ്റർമാരായ അഞ്ച് പേരെ പിരിച്ചുവിട്ടതാണ് പ്രതിസന്ധിക്ക് കാരണമെന്ന ആക്ഷേപവും ഉയർന്നു.
40 ലക്ഷത്തോളം രൂപയാണ് മരുന്ന് വാങ്ങിയ ഇനത്തിൽ നൽകാനുള്ളത്. ഇത് കൊടുത്തുതീർക്കാൻ ആവശ്യമായ ഫണ്ട് ഉണ്ടെന്നിരിക്കെ ഡാറ്റ എൻട്രി ഓപറേറ്റർമാരുടെ അഭാവത്തിൽ കണക്കുകൾ രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. കോവിഡ് കാലത്ത് പോലും സേവനം അനുഷ്ടിച്ച, നാല് വർഷത്തെ സേവന പരിചയമുള്ള ഡാറ്റ എൻട്രി ഓപറേറ്റർമാരെയാണ് ആശുപത്രി സൂപ്രണ്ട് ഇടപെട്ട് പിരിച്ചുവിട്ടത്. ആശുപത്രി വികസന സമിതി യോഗത്തിൽ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാൻ തീരുമാനിച്ചെങ്കിലും നടപ്പാക്കാൻ സൂപ്രണ്ട് തയ്യാറായിട്ടില്ല.
ജില്ല മെഡിക്കൽ ഓഫിസറോട് പരാതി അറിയിച്ചെങ്കിലും വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും രേഖാമൂലം പരാതി സമർപ്പിക്കാൻ നിർദേശിക്കുകയുമായിരുന്നെന്നും ഇതുപ്രകാരം രേഖാമൂലം പരാതി നൽകിയതായും പ്രതിപക്ഷ കൗൺസിലർ സി.സജിത്ത് പറഞ്ഞു.
ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റും വിധമുള്ള നടപടികളുമായി മുന്നോട്ടുപോകുന്ന ആശുപത്രി സൂപ്രണ്ടിനെതിരെ കൗൺസിൽ യോഗം നടപടിക്ക് ശുപാർശ ചെയ്യണമെന്ന ആവശ്യവുമായി നഗരസഭ ഉപാധ്യക്ഷൻ കെ. രാജേഷും രംഗത്തെത്തി. ആശുപത്രിയിൽ നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന അലക്ക് യൂനിറ്റ് അടച്ചുപൂട്ടി ജോലികൾ സ്വകാര്യ വ്യക്തിക്ക് കൈമാറി.
ക്ലീനിങ് സ്റ്റാഫ്, ആംബുലൻസ് ഡ്രൈവർ തുടങ്ങിയവരെ പിരിച്ചുവിട്ട സൂപ്രണ്ടിന്റെ നടപടി ആശുപത്രിയുടെ പ്രവർത്തനത്തിന് പേരുദോഷമുണ്ടാക്കിയതായും ഉപാധ്യക്ഷൻ ആരോപിച്ചു. ഹരിത കർമ സേനയുടെ യുസർ ഫീ അടക്കാതെ ലൈസൻസ് പുതുക്കി നൽകാത്ത നിലപാടിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളിയാഴ്ച നഗരസഭയിലേക്ക് മാർച്ച് നടത്തുന്നതിന് കൗൺസിലിൽ വിശദീകരണം വേണമെന്ന ആവശ്യമുയർന്നു.
സംസ്ഥാന സർക്കാറിന്റെ തീരുമാനം നടപ്പിലാക്കുക മാത്രമാണ് നഗരസഭ ഭരണസമിതി ചെയ്യുന്നതെന്നും നഗരസഭയോട് വ്യാപാരികൾക്ക് ഒരു പ്രശ്നവും ഇല്ലെന്നും നഗരസഭ അധികൃതർ പറഞ്ഞു. നഗരസഭ അധ്യക്ഷ കെ. ജാനകി ദേവി അധ്യക്ഷത വഹിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.