അന്യാധീനപ്പെട്ട 14 സെൻറ് ഇനി ഒറ്റപ്പാലം താലൂക്ക് ആശുപത്രിക്ക് സ്വന്തം
text_fieldsഒറ്റപ്പാലം: നാലര പതിറ്റാണ്ട് കാലം അന്യാധീനപ്പെട്ട നിലയിൽ തുടർന്ന 14 സെൻറ് ഇനി ഒറ്റപ്പാലം താലൂക്ക് ആശുപത്രിക്ക് സ്വന്തം. 1975 മുതൽ സ്ഥലം കൈവശമുണ്ടായിരുന്ന സി.പി.എം പ്രാദേശിക നേതാവ് അധ്യക്ഷനായ ഒറ്റപ്പാലം ഗ്രൂപ്പ് ഹോസ്പിറ്റൽ സഹകരണ സൊസൈറ്റി ആശുപത്രിയുടെ വികസന പ്രവർത്തങ്ങൾക്ക് സ്ഥലം വിട്ടുനൽകാൻ തയ്യാറാണെന്ന് അറിയിച്ച് ഹൈകോടതിയിൽ സമർപ്പിച്ച പരാതി പിൻവലിച്ചതിനെ തുടർന്ന് കോടതി കേസ് തീർപ്പാക്കി. 1957 - 58 കാലഘട്ടത്തിൽ ആരോഗ്യസേവന രംഗത്തുണ്ടായിരുന്ന സ്കിപോയുടെ കൈവശമായുണ്ടായിരുന്ന കെട്ടിടം ഉൾപ്പെടെയുള്ള ഭൂമിയാണ് ഗ്രൂപ്പ് ഹോസ്പിറ്റൽ സഹകരണ സൊസൈറ്റിക്ക് കൈമാറിയത്.
പ്രവർത്തനമില്ലാതിരുന്ന സൊസൈറ്റി കെട്ടിടവും സ്ഥലവും സ്വകാര്യ വ്യക്തിക്ക് ദീർഘകാലം മാർബിൾ കച്ചവടത്തിനായി നൽകിയത് ഏറെ വിവാദവും സൃഷ്ടിച്ചിരുന്നു. അറ്റകുറ്റപണികളില്ലാതെ കെട്ടിടം ഏത് നിമിഷവും നിലംപൊത്തുന്ന അവസ്ഥയിലുമായി. ഭൂമി പതിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് സൊസൈറ്റി സമർപ്പിച്ച അപേക്ഷ മൂന്ന് പതിറ്റാണ്ടിന് ശേഷം 2017 ൽ സർക്കാർ നിരസിക്കുകയും ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തതാണ്. എന്നാൽ ഇതിനെതിരെ സൊസൈറ്റി ഭാരവാഹികൾ ഹൈകോടതിയെ സമീപിക്കുകയും സ്റ്റേ സമ്പാദിക്കുകയും ചെയ്തു.
തുടർന്നുണ്ടായ അനിശ്ചിതത്വത്തിനിടയിൽ മുൻ എം.എൽ.എ പി. ഉണ്ണിയും സബ് കലക്ടറായിരുന്ന അർജുൻ പാണ്ഡ്യനും 2021 ഫെബ്രുവരിയിൽ പ്രശ്ന പരിഹാരത്തിനായി യോഗം വിളിച്ചിരുന്നു. മാർച്ച് അഞ്ചിനകം പൊതുയോഗം വിളിച്ചുകൂട്ടി അനുകൂല തീരുമാനമുണ്ടാക്കാമെന്നും കോടതിയിലെ കേസ് പിൻവലിക്കാമെന്നും യോഗത്തിൽ പങ്കെടുത്ത സൊസൈറ്റി പ്രസിഡന്റ് വ്യക്തമാക്കിയുന്നു. മാസങ്ങൾ പിന്നിട്ടിട്ടും ഭൂമി വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട് തുടർ നടപടികൾ ഉണ്ടാകാത്തതിനെ ചൊല്ലി നഗരസഭ കൗൺസിൽ യോഗങ്ങളിലും താലൂക്ക് വികസന സമിതി യോഗത്തിലും പരാതികൾ ഉയർന്നിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ ഇക്കഴിഞ്ഞ ഡിസംബർ 17 ന് അഡ്വ. കെ. പ്രേംകുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ സബ് കലക്ടർ ശിഖ സുരേന്ദ്രൻ ചേംബറിൽ യോഗം വിളിച്ചിരുന്നു. കോടതിയിൽ നിലനിൽക്കുന്ന കേസ് സൊസൈറ്റി പിൻവലിക്കുന്ന പക്ഷം തുടർ നടപടികൾ എളുപ്പമാകുമെന്ന നിർദേശവും ഉയർന്നിരുന്നു. പരാതി പിൻവലിക്കുകയും കോടതി ഇക്കാര്യത്തിൽ തീർപ്പ് കൽപ്പിക്കുകയും ചെയ്തതോടെ തർക്കത്തിനും പര്യവസാനമായി. വികസന പ്രവർത്തനങ്ങൾക്ക് നിലവിലെ പരിമിത സ്ഥലം ചോദ്യചിഹ്നമാകുന്ന വേളയിൽ തൊട്ടുകിടക്കുന്ന ഭൂമിയുടെ വീണ്ടെടുപ്പ് ആശുപത്രിയുടെ മുഖച്ഛായ തന്നെ മാറ്റാൻ അവസരമൊരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.