സൂപ്രണ്ട് ഇല്ലാതെ ഒമ്പത് മാസം: ഒറ്റപ്പാലം താലൂക്ക് ആശുപത്രി പ്രവർത്തനം താളംതെറ്റി
text_fieldsഒറ്റപ്പാലം: സ്ഥിരം സൂപ്രണ്ടിൻെറ അഭാവത്തിൽ ഒറ്റപ്പാലം താലൂക്ക് ആശുപത്രി പ്രവർത്തനം താളംതെറ്റുന്നു. ഒമ്പത് മാസം മുമ്പ് സ്ഥലംമാറിപ്പോയ സൂപ്രണ്ടിന് പകരം നിയമനം നടക്കാത്തതാണ് ആശുപത്രിയുടെ ദൈനംദിന പ്രവർത്തങ്ങൾക്ക് തിരിച്ചടിയാകുന്നത്.
താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷയുൾപ്പെടെ പ്രതിപക്ഷ അംഗങ്ങൾ കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗത്തിൽ പരാതി ഉന്നയിച്ചിരുന്നു. രക്ത സമ്മർദം പരിശോധിക്കുന്ന സംവിധാനം പോലും തകരാറിലാണെന്നും ഇത് പരിഹരിക്കാൻ പോലും നടപടിയില്ലെന്നും ആശുപത്രിയിൽ നിന്നുള്ള ചികിത്സയുടെ കാര്യത്തിലും വീഴ്ചയുണ്ടായിട്ടുണ്ടെന്നും കൗൺസിലർമാർ ആരോപിച്ചിരുന്നു. വാർഷിക പദ്ധതി ഭേദഗതി ചെയ്ത് ആശുപത്രിക്ക് ഫണ്ട് അനുവദിക്കാൻ നഗരസഭ തയാറായിരുന്നെന്നും എന്നാൽ, ആവശ്യമുള്ള ആധുനിക സംവിധാനങ്ങൾ ഉൾപ്പെടുത്തിയ പദ്ധതിരേഖ ആശുപത്രി അധികൃതർ സമർപ്പിക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നുമാണ് നഗരസഭ അധികൃതരുടെ വെളിപ്പെടുത്തൽ.
2020 മേയിലാണ് താലൂക്ക് സൂപ്രണ്ടായിരുന്ന ഡോ. താജ്പോൾ സ്ഥലംമാറ്റം ലഭിച്ചതിനെ തുടർന്ന് ആശുപത്രി വിട്ടത്. തുടർന്ന് ആശുപത്രിയിലെ ഏക സർജൻ, കോവിഡ് നോഡൽ ഓഫിസറായ മറ്റൊരു ഡോക്ടർ, സൈക്യാട്രിസ്റ്റ് തസ്തികയിലെ ഡോക്ടർ എന്നിവർക്ക് സൂപ്രണ്ട് ചുമതല മാറി മാറി നൽകി വരുകയാണ്. ആശുപത്രിയിലെ സുപ്രധാന വിഭാഗങ്ങളിലുള്ള ഡോക്ടർമാർക്ക് സൂപ്രണ്ടിന്റെ അധിക ചുമതല കൈമാറിയാണ് കാര്യങ്ങൾ നടന്നുവരുന്നത്. സൂപ്രണ്ടിന്റെ അധിക ചുമതല കൂടി വഹിക്കാൻ നിർബന്ധിതരായതോടെ ഒ.പിയിൽ ഉൾപ്പെടെ രോഗികളുടെ പരിചരണത്തിലും താളക്കേട് പ്രകടമാണ്. ജില്ലയിലെ പ്രധാനപ്പെട്ട കോവിഡ് ബ്ലോക്ക് കേന്ദ്രം കൂടിയായ ആശുപത്രിക്കാണ് ഈ ദുർഗതി. ഇതിനിടയിൽ സെപ്റ്റംബറിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ടിനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയുടെ സൂപ്രണ്ടായി സ്ഥലംമാറ്റി ആരോഗ്യ വകുപ്പ് ഉത്തരവ് നൽകിയിരുന്നെങ്കിലും ഇതുവരെ ചാർജെടുത്തിട്ടുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.