ആശുപത്രി കാൻറീൻ തുറന്നു, പൂട്ടി
text_fieldsഒറ്റപ്പാലം: പത്ത് മാസത്തോളം അടഞ്ഞുകിടന്ന ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ കാൻറീൻ തുറന്ന് പ്രവർത്തനം ആരംഭിച്ചതിന്റെ തൊട്ടു പിറകെ വീണ്ടും അടച്ചു. ഇതോടെ ആശുപത്രിയിലെ കിടപ്പ് രോഗികരും കൂട്ടിരിപ്പുകാരും വീണ്ടും ദുരിതത്തിലായി. പത്ത് മാസം നീണ്ട സമ്മർദങ്ങൾക്കൊടുവിൽ കാൻറീൻ നടത്തിപ്പിന് ആളെ കണ്ടെത്തി ഒക്ടോബർ ആദ്യവാരമാണ് തുറന്നത്. വരുമാനവും ചെലവും തമ്മിൽ ഒത്തുപോകാത്തതും നഗരസഭ ലൈസൻസ് അനുവദിക്കാത്തതും ഉൾപ്പടെ നിരവധി കാരണങ്ങളാണ് കാൻറീൻ നടത്തിപ്പുകാരൻ ആരോപിക്കുന്നത്.
നഗരസഭ ലൈസൻസ് നൽകാത്തതുമായി ബന്ധപ്പെട്ട് പരാതി നൽകിയെങ്കിലും അനുകൂല നടപടി ഉണ്ടായില്ലെന്നാണ് ആരോപണം. കാൻറീൻ നടത്തിപ്പ് നഷ്ടമുണ്ടാക്കുന്നതായി ആശുപത്രി അധികൃതരെയും നഗരസഭയെയും നേരിട്ട് അറിയിച്ചിരുന്നതായും കരാറുകാരൻ പറയുന്നു. പുറത്തുള്ള ഭക്ഷണ ശാലകളിൽ നിന്നും ഓർഡറെടുത്ത് ആശുപത്രിയിൽ ഭക്ഷണം വിതരണം ചെയ്യുന്നതിനാലാണ് വരുമാന നഷ്ടം ബാധിക്കുന്നതെന്ന പരാതിയുമുണ്ട്. അതേസമയം, പുറത്ത് നിന്നും ആശുപത്രിയിൽ ഭക്ഷണം വിതരണം ചെയ്യുന്നത് കർശനമായി വിലക്കിയിട്ടുണ്ടെന്നാണ് നഗരസഭ അധികൃതരുടെ പ്രതികരണം.
വാടക കൂട്ടിയതിനാൽ കാൻറീൻ നടത്തിക്കൊണ്ടുപോകാൻ കഴിയില്ലെന്ന് ബന്ധപ്പെട്ടവരെ അറിയിച്ച ശേഷമാണ് മുൻ കരാറുകാരൻ 2023 ഡിസംബറിൽ സ്ഥാപനം അടച്ചുപൂട്ടിയത്. പ്രതിമാസം 55,000 രൂപയാണ് വാടക. വാടകയിൽ കുറവ് വരുത്തി രണ്ട് തവണ ടെണ്ടർ ക്ഷണിച്ചെങ്കിലും കാൻറീൻ ഏറ്റെടുക്കാൻ ആരുമെത്തിയില്ല. ഇതേതുടർന്ന് മാസങ്ങൾക്ക് ശേഷം വാടക 15,000 രൂപയാക്കി കുറക്കാൻ ആശുപത്രി മാനേജ്മെൻറ് കമ്മിറ്റി യോഗത്തിൽ തീരുമാനമെടുത്തു . തുടർന്ന് ദർഘാസ് ക്ഷണിച്ചപ്പോൾ ഏഴ് പേരാണ് തയ്യാറായി എത്തിയത്. ഇതിന്റെയടിസ്ഥാനത്തിൽ വാടക വർധിപ്പിക്കുകയും വീണ്ടും ദർഘാസ് ക്ഷണിക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ് പുതിയ കരാറുകാരനെ കണ്ടെത്തിയത്. പ്രതിമാസം 27,000 രൂപ വാടക നിശ്ചയിച്ചാണ് കാൻറീൻ പ്രവർത്തിച്ചിരുന്നത്. ഇതാണ് വീണ്ടും അടച്ചിട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.