ഒറ്റപ്പാലം താലൂക്ക് ആശുപത്രി കാന്റീൻ നടത്തിപ്പ് കുടുംബശ്രീക്ക് നൽകും
text_fieldsഒറ്റപ്പാലം: പ്രവർത്തനം ആരംഭിച്ചതിന് പിന്നാലെ അടച്ചുപൂട്ടി രോഗികളെ ദുരിതത്തിലാക്കുന്ന ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ കാന്റീൻ നടത്തിപ്പ് ചുമതല കുടുംബശ്രീക്ക് നൽകും.
ആശുപത്രി മാനേജ്മെൻറ് കമ്മിറ്റി (എച്ച്.എം.സി) യോഗത്തിലാണ് തീരുമാനം. ഒടുവിൽ ചുമതലയേറ്റ കരാറുകാരൻ രണ്ടുമാസം തികയും മുമ്പേ കാന്റീൻ പ്രവർത്തനം അവസാനിപ്പിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം.
വാടക തുക കൂടിയതിനാൽ കാന്റീൻ നടത്തിക്കൊണ്ടുപോകാൻ കഴിയില്ലെന്ന് ബന്ധപ്പെട്ടവരെ അറിയിച്ച ശേഷമാണ് കരാറുകാരൻ 2023 ഡിസംബറിൽ സ്ഥാപനം അടച്ചുപൂട്ടിയത്.
പ്രതിമാസം 55,000 രൂപയാണ് കാന്റീന് നിശ്ചയിച്ചിരുന്ന വാടക. വാടകയിൽ കുറവ് വരുത്തി രണ്ടുതവണ ടെൻഡർ ക്ഷണിച്ചെങ്കിലും കാന്റീൻ ഏറ്റെടുക്കാൻ ആരുമെത്തിയില്ല. ഇതേതുടർന്ന് മാസങ്ങൾക്ക് ശേഷം വാടക 15,000 രൂപയാക്കി കുറക്കാൻ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗത്തിൽ തീരുമാനമെടുത്തു.
തുടർന്ന് ദർഘാസ് ക്ഷണിച്ചപ്പോൾ ഏഴുപേരാണ് കാന്റീൻ ഏറ്റെടുക്കാൻ തയാറായി എത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ വാടക വർധിപ്പിക്കുകയും വീണ്ടും ദർഘാസ് ക്ഷണിക്കുകയും ചെയ്തു. ഇതേതുടർന്നാണ് പുതിയ കരാറുകാരനെ കണ്ടെത്തിയത്. തുടർന്ന് പത്ത് മാസത്തോളം അടഞ്ഞുകിടന്ന കാന്റീൻ ഒക്ടോബർ ആദ്യവാരത്തിൽ തുറന്ന് പ്രവർത്തനമാരംഭിച്ചു.
പ്രതിമാസം 27,000 രൂപ വാടക നിശ്ചയിച്ചാണ് കാന്റീൻ പ്രവർത്തിച്ചിരുന്നത്. എന്നാൽ, ആശുപത്രി അധികൃതരുമായുള്ള അഭിപ്രായ വ്യത്യാസവും രോഗികളിൽ നിന്നും പുറമെയുള്ള ഭക്ഷണശാലക്കാർ ഓർഡർ എടുത്ത് ഭക്ഷണം വിതരണം ചെയ്യുന്നതായും ആരോപിച്ചാണ് രണ്ടുമാസം തികയുംമുമ്പേ കാന്റീൻ അടച്ചുപ്പൂട്ടി ചുമതലയിൽനിന്ന് കരാറുകാരൻ പിൻവാങ്ങിയത്.
പ്രതിസന്ധിക്ക് ശാശ്വത പരിഹാരം എന്ന നിലയിലാണ് കുടുംബശ്രീക്ക് കാന്റീൻ കൈമാറാനുള്ള തീരുമാനം. വാടക വീണ്ടും കുറച്ചാണ് കൈമാറുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.