ഒറ്റപ്പാലത്തിന് രക്തം വേണം
text_fieldsഒറ്റപ്പാലം: രക്ത ബാങ്കിന്റെ വരവും കാത്ത് ഒറ്റപ്പാലം താലൂക്കാശുപത്രി. ഡയാലിസിസ്, അർബുദ ചികിത്സ, വിവിധ ശസ്ത്രക്രിയകൾ തുടങ്ങിയ സേവനങ്ങൾ നൽകിവരുന്ന ആശുപത്രിയിൽ രക്തം അത്യാവശ്യമാകുന്ന സന്ദർഭങ്ങൾ പതിവാണ്. ഈ സാഹചര്യങ്ങളിൽ രക്തത്തിനായി 35 കിലോമീറ്റർ അകലെയുള്ള ജില്ല ആശുപത്രിയെ സമീപിക്കേണ്ട അവസ്ഥയാണ്. അതല്ലെങ്കിൽ പലമടങ്ങ് വിലനൽകി സ്വകാര്യ ആശുപത്രികളിൽനിന്ന് രക്തം വാങ്ങണം.
അത്യാഹിതവുമായി ആശുപത്രിയിലെത്തുന്നവരോട് രക്തം കൊണ്ടുവരാൻ ആവശ്യപ്പെടേണ്ടി വരുന്ന ഡോക്ടർമാരും ജീവനക്കാരും നിസ്സഹായരാണ്. രക്തദാനത്തിന് തയാറായി എത്തുന്നവരിൽനിന്ന് രക്തം സ്വീകരിക്കാനോ സൂക്ഷിക്കാനോ ആശുപത്രിയിൽ സംവിധാനമില്ല. രക്ത ബാങ്ക് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ കൗൺസിൽ പ്രമേയം പാസാക്കി സർക്കാറിന് സമർപ്പിച്ചിട്ട് വർഷങ്ങളേറെയായി. കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് പ്രവർത്തകർ ആശുപത്രിയിലേക്ക് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മാർച്ച് നടത്തിയിരുന്നു. ഇതിൽ ഒരു ആവശ്യം ആശുപത്രിയിൽ രക്ത ബാങ്ക് വേണമെന്നതായിരുന്നു. താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽനിന്ന് അത്യാഹിതവുമായി നിരവധി രോഗികളെത്തുന്ന ആശുപത്രിയിൽ എത്രയും വേഗം രക്ത ബാങ്ക് യാഥാർഥ്യമാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.