ഒറ്റപ്പാലം സ്റ്റാൻഡിൽ ബസുകളുടെ അമിതവേഗത ഭീഷണി
text_fieldsഒറ്റപ്പാലം: നഗരസഭ ബസ് സ്റ്റാൻഡ് അടിക്കടി കൊലക്കളമാകുന്ന സാഹചര്യത്തിൽ ബസുകളുടെ വേഗത നിയന്ത്രിക്കാൻ ഹമ്പുകൾ ഉൾപ്പെടെയുള്ള സുരക്ഷ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. സ്റ്റാൻഡിനകത്തെ ബസുകളുടെ മരണപ്പാച്ചിലിൽ കഴിഞ്ഞ ദിവസം ജീവൻ നഷ്ടമായത് കൊൽക്കത്ത സ്വദേശി അമീനൂർ ഷെയിക്കിന് (29) ആണ്.
നേരത്തെ സമാന രീതിയിൽ നിരവധി മരണങ്ങളും അത്യാഹിതങ്ങളുമുണ്ടായിട്ടുണ്ടെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് സുരക്ഷ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിൽ നിസ്സംഗത തുടരുകയാണ്.
ജില്ലയിലെ വിശാലമായ ബസ് സ്റ്റാൻഡുകളിൽ ഒന്നായ ഒറ്റപ്പാലത്ത് സ്ഥല സൗകര്യങ്ങളുടെ അഭാവമല്ല അപകടങ്ങൾക്ക് കാരണമാകുന്നത്. കൃത്യമായ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കുന്നതിലെ വീഴ്ചയാണ് അപകടങ്ങൾക്കിടയാക്കുന്നതെന്ന ആക്ഷേപമുണ്ട്.
യാത്രക്കാർ കാത്തിരിക്കുന്ന ഇരിപ്പിടങ്ങൾക്ക് അഭിമുഖമായി ബസുകളുടെ പിൻവശം വരത്തക്കവിധത്തിലുള്ള നിലവിലെ പാർക്കിങ്ങും സ്റ്റാൻഡിനകത്തേക്ക് വരുന്ന ബസുകളുടെ മരണപ്പാച്ചിലും തുടങ്ങി നിരവധി അപാകതകളാണ് പരിഹരിക്കാതെയുള്ളത്. ഇക്കാര്യങ്ങൾ നിരവധി തവണ താലൂക്ക് വികസന സമിതി, ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗങ്ങളിൽ പരിഹാരം തേടി വന്ന വിഷയങ്ങളാണെങ്കിലും അധികൃതർ ഗൗരവമായി എടുക്കുന്നില്ല.
റോഡിൽ വന്നതിനേക്കാൾ വേഗത്തിലാണ് യാർഡിൽ പാർക്ക് ചെയ്യാൻ ബസുകൾ സ്റ്റാൻഡിൽ ചീറിപ്പായുന്നതെന്ന ആക്ഷേപമുവുണ്ട്. കഴിഞ്ഞ ദിവസം യുവാവിന്റെ ജീവനെടുത്ത ബസും ഇത് തന്നെയാണ് ആവർത്തിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ബസുകളുടെ അമിത വേഗം നിയന്ത്രിക്കാൻ എത്രയും വേഗം സ്റ്റാൻഡിനകത്ത് ഹമ്പുകൾ സ്ഥാപിക്കാത്തപക്ഷം ദുരന്തങ്ങൾ ഇനിയും ആവർത്തിക്കുമെന്ന് സ്റ്റാൻഡുമായി ബന്ധപ്പെട്ടവർ അഭിപ്രായപ്പെടുന്നു.
യുവാവിന്റെ മരണം: ഡ്രൈവർക്കെതിരെ നരഹത്യക്ക് കേസ്
ഒറ്റപ്പാലം: സ്റ്റാൻഡിനകത്ത് അമിതവേഗത്തിൽ ട്രാക്ക് ലംഘിച്ചെത്തിയ ബസ് കയറി അന്തർസംസ്ഥാന തൊഴിലാളിയായ യുവാവ് മരിക്കാനിടിയായ സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.
ഗുരുവായൂർ-പാലക്കാട് റൂട്ടിൽ ഓടുന്ന നാഷ ബസിന്റെ ഡ്രൈവർ ഞാങ്ങാട്ടിരി സ്വദേശി വിനോദിനെതിരെയാണ് കേസ്. കുറ്റകരമായ നരഹത്യ, മനുഷ്യജീവൻ അപകടത്തിലാകും വിധം അശ്രദ്ധമായി വാഹനം ഓടിക്കുക എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
ശനിയാഴ്ച വൈകുന്നേരം ആറോടെയാണ് പശ്ചിമ ബംഗാൾ ബർദമാൻ ബാന്ദ്മുറ സ്വദേശിയായ അമീനൂർ ഷെയിക്ക് (29) ഇയാൾ ഡ്രൈവറായ ബസിനടിയിൽ പെട്ട് മരിച്ചത്. മറ്റൊരു ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അത്യാഹിതമെന്ന് പറയുന്നു. സംഭവത്തെ തുടർന്ന് ഇയാൾ ബസ് ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. മരിച്ച അമിനൂർ ഷെയ്ക്ക് ഒറ്റപ്പാലത്ത് നിർമാണ തൊഴിലാളിയായിരുന്നു. പോസ്റ്റ് മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.