തലതിരിഞ്ഞ പാർക്കിങ് പരിഷ്കാരം; വലഞ്ഞ് യാത്രക്കാർ
text_fieldsഒറ്റപ്പാലം: പൊതുജനം നിരന്തരം ആവശ്യപ്പെടുമ്പോഴും ഒറ്റപ്പാലം നഗരസഭ ബസ് സ്റ്റാൻഡിൽ ബസുകളുടെ പാർക്കിങ് തലതിരിഞ്ഞ നിലയിൽത്തന്നെ തുടരുന്നു. ബസ് കാത്തുനിൽക്കുന്നവർക്കായി ടെർമിനലിലൊരുക്കിയ ഇരിപ്പിടങ്ങൾക്ക് പുറംതിരിഞ്ഞ് യാർഡിൽ ബസുകൾ പാർക്ക് ചെയ്യുന്ന തലതിരിഞ്ഞ പരിഷ്കാരം യാത്രക്കാരെ ചില്ലറയല്ല വലക്കുന്നത്.
ഇരിപ്പിടങ്ങൾക്ക് അഭിമുഖമായി ബസുകളുടെ പിൻവശം മാത്രമാണ് കഴിയുക എന്നതിനാൽ ബസുകൾ എങ്ങോട്ടുള്ളതാണെന്നറിയുക പ്രയാസമാണ്.
സ്റ്റാൻഡിനകത്തേക്കും പുറത്തേക്കുമുള്ള ബസുകളുടെ സഞ്ചാര മാർഗം നിർത്തിയിട്ട ബസുകളുടെ മുന്നിൽ കൂടി തന്നെ ആയതിനാൽ അപകട സാധ്യതയും നിലനിൽക്കുന്നു. കൈക്കുഞ്ഞുങ്ങളുമായി സ്റ്റാൻഡിലെത്തുന്നവരും വയോധികരുമാണ് ഇതുമൂലം കൂടുതലും ബുദ്ധിമുട്ടുന്നത്. മഴയുള്ളപ്പോഴാകട്ടെ ബസിന്റെ ബോർഡ് വായിച്ചെടുക്കാൻ നന്നായി നനയണം.
പാർക്കിങ് പരിഷ്കാരത്തിനതിരെ വ്യക്തികളും സംഘടനകളും അധികൃതർക്ക് നൽകിയ പരാതികളിൽ ഇനിയും അനുകൂല നടപടി ഉണ്ടായിട്ടില്ല. ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റിയിൽ വിഷയമെത്തിയെങ്കിലും തീർപ്പുണ്ടായില്ല.
യാത്രക്കാരുടെ ഇരിപ്പിടങ്ങൾക്ക് അഭിമുഖമായി ബസുകളുടെ മുൻവശം വരത്തക്ക വിധത്തിൽ പാർക്കിങ് ക്രമീകരിക്കുന്നതിൽ ബസുടമകൾ എതിർപ്പ് പ്രകടിപ്പിച്ചതാണ് തടസ്സമെന്നാണ് അതികൃതരുടെ നിലപാട്. പാർക്കിങ് രീതിയിൽ ചെറിയ മാറ്റം വരുത്തിയാൽ തീരുന്ന പ്രശ്നമാണ് ഇതെന്നിരിക്കെ പരിഹാര നടപടികൾ വൈകിക്കുകയാണെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.