മീറ്റ്നയിലെ തരിശ് പാടത്തിൽ കൂട്ടായ്മയുടെ ഞാറ്റുപാട്ട്
text_fieldsഒറ്റപ്പാലം: ഒന്നരപതിറ്റാണ്ടിലേറെ തരിശിട്ട മീറ്റ്ന പാടശേഖര സമിതിയുടെ 30 ഏക്കറിൽ കൂട്ടായ്മയുടെ ഞാറ്റുപാട്ടുയർന്നു. നാടിെൻറ നന്മ, മീറ്റ്ന ദേശം കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന നടീൽ ഉത്സവം പി. ഉണ്ണി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിവിധ തുറകളിൽ പ്രവർത്തിക്കുന്ന 30ഓളം പേരാണ് കൂട്ടായ്മയിൽ അംഗങ്ങളായുള്ളത്.
ഏഴ് ലക്ഷം രൂപയാണ് കൃഷിക്കായി ഇവർ സ്വരൂപിച്ചത്. നാടിെൻറ പച്ചപ്പും വിള സമൃദ്ധിയും വീണ്ടെടുക്കുക എന്ന ലക്ഷ്യമാണ് കൂട്ടായ്മക്ക് പിന്നിലുള്ളത്. നൂറുമേനി വിളഞ്ഞിരുന്ന പാടശേഖര സമിതിക്ക് കീഴിൽവരുന്ന 200 ഏക്കർ നിലമാണ് തരിശ് നിലമായി തുടരുന്നത്.
ആദ്യഘട്ടമായി ഇതിലെ 30 ഏക്കറിലാണ് കൃഷിയിറക്കുന്നത്. ഇതരസംസ്ഥാന തൊഴിലാളുകളുടെ ക്ഷാമം കണക്കിലെടുത്ത് നിലമൊരുക്കൽ മുതൽ നടീൽ വരെയുള്ള കൃഷിപ്പണികൾ കരാർ അടിസ്ഥാനത്തിലാണ് നടത്തുന്നത്. ഏക്കറിന് 19,000 രൂപയാണ് കരാർ തുക.
യുവാക്കളുടെ നേതൃത്വത്തിലുള്ള 'ക്ലബ് 19' ആണ് നിലം കൃഷിക്ക് യോഗ്യമാക്കാൻ രംഗത്തെത്തിയത്.
നടീൽ ഉത്സവത്തിൽ നഗരസഭ ചെയർമാൻ എൻ.എം. നാരായണൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ഒറ്റപ്പാലം കൃഷി ഓഫിസർ ആരതി കൃഷ്ണ, കെ.എസ്.കെ.ടി.യു ഏരിയ സെക്രട്ടറി സി. വിജയൻ, കൗൺസിലർമാരായ ജോസ് തോമസ്, ഷൈലജ, അഡ്വ. മുഹമ്മദ് സജിത്ത്, ദേവദാസ്, രാമകൃഷ്ണൻ, ജയൻ തുടങ്ങിയവർ നടീൽ ഉത്സവത്തിൽ പങ്കാളികളായി.
കൃഷിക്കുള്ള ജലസേചനത്തിന് സഹായകമാകുന്ന പ്രദേശത്തെ താമരക്കുളം നവീകരിക്കണമെന്ന ആവശ്യവുമായി 'ക്ലബ് 19' പ്രസിഡൻറ് അഡ്വ. മുഹമ്മദ് സാജിത്ത്, സെക്രട്ടറി പി.വി. സായ്കിരൺ എന്നിവർ മന്ത്രി കൃഷ്ണൻകുട്ടിക്ക് നൽകിയ നിവേദനത്തിെൻറ അടിസ്ഥാനത്തിൽ അരക്കോടിയോളം രൂപ അനുവദിച്ചിട്ടുണ്ട്.
നഗരസഭയുടെ എൻ.ഒ.സി കൂടി ലഭിച്ചശേഷം ഭരണാനുമതിക്ക് അപേക്ഷ സമർപ്പിക്കുമെന്ന് ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചതായി ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.