പഴവിപണികളിൽ നേന്ത്രപ്പഴത്തിനും ചെറുപഴങ്ങൾക്കും തീവില
text_fieldsഒറ്റപ്പാലം: പഴവിപണികളിൽ നേന്ത്രപ്പഴത്തിനും ചെറുപഴങ്ങൾക്കും തീവില. ചില്ലറ വിൽപന കേന്ദ്രങ്ങളിൽ ഒരു കിലോ നേന്ത്രപ്പഴത്തിന് 68ഉം മൈസൂർ പൂവൻ പഴത്തിന് 48ഉം രൂപയാണ് ചൊവ്വാഴ്ചത്തെ വിൽപന വില. മൈസൂർ പൂവൻ പഴത്തിന് ഇത്രയും വില ഉയരുന്നത് സമീപ കാലത്തുണ്ടായിട്ടില്ലെന്ന് കച്ചവടക്കാർ പറയുന്നു. ഒറ്റപ്പാലം നഗരത്തിലെ പഴം പച്ചക്കറി മൊത്ത വിൽപന കേന്ദ്രത്തിൽ പച്ച നേന്ത്രക്കായക്ക് 58 രൂപ വിലയുണ്ട്. വയനാടൻ ഇനമാണ് ഇപ്പോൾ വിപണിയിൽ കൂടുതലായി എത്തുന്നത്. കിഴക്കൻ ഇനം (മൈസൂർ പൂവൻ) പച്ചക്കായക്ക് 40 രൂപയുമാണ് കിലോ വില.
തമിഴ്നാട്ടിലെ തൂത്തുക്കുടി, തൃച്ചി തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് ഇവ എത്തുന്നതെന്ന് മൊത്ത വ്യാപാരി പി. സുനിൽ പറഞ്ഞു. 50-55 രൂപയുണ്ടായിരുന്ന നേന്ത്രപ്പഴത്തിന്റെ വിലയാണ് പൊടുന്നനെ 68 രൂപയിലെത്തിയത്. രണ്ടാഴ്ച മുമ്പ് വരെ 30-35 രൂപയായിരുന്നു മൈസൂർ പൂവൻ പഴത്തിന്റെ വിൽപന വില.
നാടൻ ഉൽപന്നങ്ങളുടെ വരവ് കുറഞ്ഞതാണ് വിലവർധനക്ക് കാരണം. കഴിഞ്ഞ വിളവെടുപ്പ് കാലത്ത് വില ഇടിവ് സാരമായി ബാധിച്ചതിനെ തുടർന്ന് വാഴക്കൃഷിയിൽനിന്ന് വരവ് നിന്നതാണ് ക്ഷാമം രൂക്ഷമാകാൻ കാരണം. കാലവർഷം സജീവമാകുന്നതോടെ ചെറുപഴത്തിന്റെ വിലയിൽ സാരമായ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്ന് കച്ചവടക്കാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.