'കണ്ടകശ്ശനി' വിട്ടൊഴിയാതെ അമ്പലപ്പാറ സി.എച്ച്.സി
text_fieldsഒറ്റപ്പാലം: കോടികൾ മുടക്കി നിർമിച്ച കെട്ടിട സമുച്ചയങ്ങളും പരിശോധനകൾക്കും രോഗനിർണയത്തിനുമായി സ്ഥാപിച്ച പുതിയ യന്ത്രോപകരണങ്ങളും മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളും. ഇവയൊക്കെ അമ്പലപ്പാറ സി.എച്ച്.സിക്കുണ്ട്. എന്നാൽ, അപകടങ്ങൾ മൂലവും മറ്റു അത്യാഹിത സന്ദർഭങ്ങളിലും ആശുപത്രിയെ സമീപിക്കുന്നവർക്ക് നിരാശ മാത്രം. അതിനായി ഒറ്റപ്പാലത്തും മറ്റുമുള്ള ആശുപ്രതികളെ അഭയം തേടേണ്ട ദുരവസ്ഥയിലാണ് നാട്ടുകാർ.
പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്ന കാലത്ത് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിലും രോഗികളെ കിടത്തി ചികിത്സിച്ചിരുന്നു. സി.എച്ച്്.സിയായി ഉയർത്തിയശേഷം കിടത്തി ചികിത്സ മുടങ്ങി. സമ്മർദങ്ങൾക്കൊടുവിൽ കിടത്തി ചികിത്സ പുനരാരംഭിച്ചെങ്കിലും രണ്ട് വർഷം മുമ്പ് ഇതും അവസാനിപ്പിച്ചു. ഡോക്ടർമാർ ഉൾപ്പടെയുള്ള ജീവനക്കാരുടെ കുറവാണ് ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റിക്കുന്നത്.
ഏഴ് ഡോക്ടർമാരുടെ തസ്തികയുണ്ടെങ്കിലും നാല് പേർ മാത്രമാണുള്ളത്. ഇതിൽ ഒരാൾ അവധിയിലുമാണ്. യോഗം, സമ്മേളനം തുടങ്ങിയ അത്യാവശ്യങ്ങളും അവധിയും വരുമ്പോൾ പലപ്പോഴും ഒരു ഡോക്ടറിൽ ഒതുങ്ങും. പീഡിയാട്രീഷ്യൻ, ഗൈനക്കോളജിസ്റ്റ്, ഫിസിഷ്യൻ, സർജൻ എന്നീ വിഭാഗങ്ങളിലാണ് ഡോക്ടർമാരുടെ കുറവുള്ളത്. സ്ഥലം മാറ്റം ലഭിക്കുന്നവർക്ക് പകരം നിയമനം ഇല്ലാത്തതാണ് പ്രശ്നം. നിത്യേന 300ഓളം രോഗികൾ ചികിത്സ തേടിയെത്തുന്ന ആശുപത്രിയിൽ നഴ്‌സ് ഉൾപ്പെടെയുള്ള ജീവനക്കാരുടെ കുറവും പ്രതിസന്ധി സൃഷ്ടിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.