പ്രവാചക പ്രകീർത്തനം 16 മീറ്ററിൽ പകർത്തി ശ്രദ്ധനേടി ആസഫ്
text_fieldsഒറ്റപ്പാലം: ബുർദ ശരീഫ് എന്ന പ്രവാചക പ്രകീർത്തന കാവ്യം അറബിക് കാലിഗ്രഫിയിൽ മനോഹരമായി എഴുതി പൂർത്തിയാക്കിയതിെൻറ ആവേശത്തിലാണ് ബിരുദ വിദ്യാർഥിയായ മുഹമ്മദ് ആസഫ്. ക്രിസ്തുവർഷം 1212ൽ മൊറോക്കോയിലെ ദലാസിൽ ജനിച്ച ഇമാം ബുസൂരി രചിച്ച ബുർദ ശരീഫ് എന്ന ഗ്രന്ഥം ആധാരമാക്കിയാണ് 22കാരനായ മുഹമ്മദ് ആസഫ് 16 മീറ്ററുള്ള കൈയെഴുത്ത് പ്രതി തയാറാക്കിയത്. പത്ത് ഭാഗങ്ങളായ കൃതിയിൽ 160 വരികളിലായാണ് പ്രവാചക സ്തുതിഗീതമുള്ളത്. 40 ദിവസം 200 മണിക്കൂർ ചെലവിട്ട് പൂർത്തിയാക്കിയ രചന ഒറ്റപ്പാലം ഹിഫ്സുൽ ഖുർആൻ കോളജിനും അഭിമാനമായി. തൃശൂർ ചേർപ്പിലെ മുന്നാക്കപ്പറമ്പിൽ അഷറഫ്- ഷക്കീല ദമ്പതികളുടെ മകനായ മുഹമ്മദ് ആസഫ് ഖുർആൻ മനഃപാഠമാക്കിയിട്ടുണ്ട്.
ലോക്ഡൗൺ കാലത്തെ വിരസതയാണ് കാലിഗ്രഫി പരിശീലനത്തിന് ആസഫിനെ പ്രേരിപ്പിച്ചത്. പരമ്പരാഗത എഴുത്തുപകരണമായിരുന്ന മുളയുടെ കമ്പുകൾ ചെത്തി രൂപപ്പെടുത്തിയ പേനയും ഐവറി കാർഡും ആർട്ട് പേപ്പറും ഉപയോഗിച്ചായിരുന്നു രചന. എട്ടാം ക്ലാസ് വിദ്യാർഥിയായി മർകസിൽ എത്തി ഹിഫ്ളുൽ ഖുർആൻ കോളജിൽ പഠനം ആരംഭിച്ച ആസഫ്, മർകസിൽ തന്നെയുള്ള ജാമിഅത്തുൽ ഹിന്ദ് കോഴ്സിലെ നാലാം വർഷ വിദ്യാർഥിയാണ്. ഭാരതീയർ യൂനിവേഴ്സിറ്റിയിൽ ഇംഗ്ലീഷ് ബിരുദ പഠനവും ഒപ്പം കൊണ്ടുപോകുന്നു. മർകസിൽ നടന്ന പ്രകാശന ചടങ്ങിൽ പ്രസിഡൻറ് ടി.എ. മുസ്തഫ ഹാജി, ജനറൽ സെക്രട്ടറി എം.വി. സിദ്ദീഖ് സഖാഫി, എ.ടി. റഷീദ് അശ്റഫി, എസ്.വൈ.എസ് ജില്ല സെക്രട്ടറി ടി. ഉമർ എന്നിവർ പങ്കെടുത്തു. മുഹമ്മദ് ആസഫിന് കാഷ് അവാർഡും ഫലകവും സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.