ചെടിച്ചട്ടി വിതരണം വൈകിയതിൽ പ്രതിഷേധം; ഒറ്റപ്പാലം നഗരസഭ കൗൺസിൽ മൂന്ന് മണിക്കൂർ തടസ്സപ്പെട്ടു
text_fieldsഒറ്റപ്പാലം: ചെടിച്ചട്ടി വിതരണം വൈകിയതിനെച്ചൊല്ലി ഒറ്റപ്പാലം നഗരസഭ കൗൺസിൽ യോഗം വീണ്ടും പ്രക്ഷുബ്ധമായി. മൂന്ന് മണിക്കൂർ യോഗം തടസ്സപ്പെട്ടു. കർഷക ക്ഷേമ വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി ഗുണഭോക്തൃ വിഹിതം അടച്ച് വർഷം പിന്നിട്ടിട്ടും വിതരണം നടക്കാത്തതിൽ പ്രതിഷേധിച്ച് നടുത്തളത്തിൽ ഒഴിഞ്ഞ ബക്കറ്റ് ഉയർത്തിക്കാട്ടിയാണ് ബി.ജെ.പി കൗൺസിലറും യു.ഡി.എഫ് പക്ഷത്തുള്ള സ്വതന്ത്ര മുന്നണി കൗൺസിലറും രംഗത്തുവന്നത്. ചെടിച്ചട്ടി വിതരണം നടക്കാത്തതിൽ യു.ഡി.എഫ് അംഗങ്ങൾ ശക്തമായ പ്രതിഷേധം അറിയിച്ചെങ്കിലും നടുത്തളത്തിലിറങ്ങിയ പ്രതിഷേധത്തിൽനിന്ന് വിട്ടുനിന്നു.
പദ്ധതിയുടെ ഭാഗമായി ഗുണഭോക്തൃ വിഹിതമായ 500 രൂപ ഒരു വർഷം മുമ്പാണ് ആവശ്യക്കാരിൽനിന്ന് ശേഖരിച്ചത്. കഴിഞ്ഞ കൗൺസിൽ യോഗത്തിൽ ഇതേ വിഷയം സംബന്ധിച്ച് പരാതി ഉയർന്നപ്പോൾ ഒക്ടോബർ 10നകം ചട്ടികൾ വിതരണം ചെയ്യുമെന്നും യഥാസമയം ട്രഷറിയിൽനിന്ന് പണം ലഭിക്കുന്നതിൽ തടസ്സം നേരിടുന്നപക്ഷം തനത് ഫണ്ടിൽനിന്ന് പണം പിൻവലിച്ച് പദ്ധതി നടപ്പാക്കുമെന്നുമായിരുന്നു നഗരസഭ അധികൃതർ നൽകിയ മറുപടി. ഇതിനിടെ പുതുക്കിയ വിതരണ തീയതികൾ പലതും അധികൃതർ പരീക്ഷിച്ചെങ്കിലും പ്രതിപക്ഷം ഇളകിയില്ല.
കൃഷി ഓഫിസർ അതിഥിയായി പങ്കെടുത്ത യോഗത്തിൽ അദ്ദേഹത്തിനെതിരെ നഗരസഭ ഉപാധ്യക്ഷൻ രൂക്ഷ വിമർശനം ഉന്നയിച്ചു. പദ്ധതി അവതാളത്തിലാകാൻ കാരണം കൃഷി ഓഫിസറുടെ അനാസ്ഥയാണെന്നായിരുന്നു ആരോപണം. തുടർച്ചയായി വിതരണം മുടങ്ങുന്ന സാഹചര്യത്തിൽ ചെടിച്ചട്ടി വിതരണം പൂർത്തിയാക്കിയ ശേഷം കൗൺസിലിൽ അജണ്ട ചർച്ച ചെയ്താൽ മതിയെന്നായിരുന്നു പ്രതിഷേധക്കാരുടെ വാദം. എട്ട് വാർഡുകളിൽ ചെടിച്ചട്ടി വിതരണം ചെയ്തിട്ടുണ്ടെന്നും ഫണ്ടിന്റെ അഭാവമാണ് തടസ്സമെന്നും തനത് ഫണ്ട് ഇതിനായി വിനിയോഗിക്കാൻ കഴിയില്ലെന്നും നഗരസഭ സെക്രട്ടറി മറുപടി നൽകി.
ഇതോടെ വീണ്ടും ബഹളമായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് പ്രഖ്യാപിച്ച 10 ലക്ഷം 25 ലക്ഷമാക്കി ഉയർത്തിയത് തനത് ഫണ്ടിൽ നിന്നല്ലേ എന്ന ചോദ്യം യു.ഡി.എഫ് പക്ഷത്തുനിന്നും ഉയർന്നു. പ്രതിഷേധക്കാർ നടുത്തളത്തിൽ കുത്തിയിരിപ്പ് ആരംഭിച്ചു. പരാതിക്കാരുടെ വാർഡുകളിൽ ആദ്യം വിതരണം ചെയ്യണമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ഒന്ന്, രണ്ട് ക്രമത്തിൽ വിതരണം നടത്തിയതിനെക്കുറിച്ചും യു.ഡി.എഫ് കൗൺസിലറിൽനിന്ന് ആക്ഷേപമുയർന്നു.
ജൈവ വളം ഉൾപ്പെടെ നിറച്ച ചട്ടികൾ നവംബർ 10ന് മുമ്പായി 36 വാർഡുകളിലും വിതരണം ചെയ്യുമെന്ന് നഗരസഭ അധ്യക്ഷ അറിയിച്ച ശേഷവും പ്രതിഷേധക്കാർ പിടിവാശി തുടർന്നു. മൂന്ന് മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ 10 അജണ്ടകളിൽ രണ്ടെണ്ണം വായിച്ച് യോഗം അവസാനിപ്പിച്ചു. ഇതിനെ പ്രതിഷേധക്കാർ മുദ്രാവാക്യം വിളികളോടെയാണ് എതിരേറ്റത്. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് ടെൻഡർ നടപടി ഉൾപ്പടെയുള്ള അജണ്ട അവതരിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്ത നഗരസഭ അധ്യക്ഷക്കും സെക്രട്ടറിക്കുമെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്. ഗംഗാധരൻ ഉൾപ്പടെയുള്ള കൗൺസിലർമാർ ഒപ്പിട്ട പരാതി ജില്ല കലക്ടർക്ക് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.