മഴക്കാലത്തെ ശാന്തിനഗർ നിവാസികളുടെ പലായനം എന്നവസാനിക്കും ?
text_fieldsഒറ്റപ്പാലം: നഗരത്തോട് ചേർന്ന ശാന്തിനഗറിൽ ഉൾപ്പടെയുണ്ടായ വെള്ളപ്പൊക്കത്തിന് കാരണം കണ്ണിയംപുറം തോട്ടിൽ അടിഞ്ഞ മരങ്ങൾ നീക്കുന്നതിലുണ്ടായ വീഴ്ചയെന്ന് ആക്ഷേപം. ശാന്തിനഗറിൽ അമ്പതിലേറെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുംബങ്ങൾ ബന്ധുവീട്ടിലേക്കും മറ്റും ചൊവ്വാഴ്ച മാറിയിരുന്നു. കണ്ണിയംപുറം തോട്ടിലുണ്ടായ വെള്ളപ്പൊക്കമാണ് ശാന്തിനഗറിൽ ഉൾപ്പടെ കണ്ണിയംപുറത്തിന്റെ വിവിധ പ്രദേശങ്ങളെ വെള്ളത്തിലാക്കിയത്. 2018ലും 2019ലും സമാനമായ ദുരിതം പ്രദേശവാസികൾ ഏറ്റുവാങ്ങിയിരുന്നു. തോട്ടിലെ ഒഴുക്ക് തടസ്സപ്പെടുന്നതാണ് വെള്ളപ്പൊക്കത്തിന് ആക്കം കൂട്ടുന്നതെന്നാണ് പ്രദേശവാസികളുടെ വിലയിരുത്തൽ. തോട്ടിൽ ഒഴുക്കിന് തടസ്സമായി കിടക്കുന്ന മരങ്ങളും മറ്റും നീക്കുക, തോടിന്റെ വശങ്ങൾ സംരക്ഷണ ഭിത്തികെട്ടി സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ കാലങ്ങളായി പ്രദേശവാസികൾ ഉന്നയിക്കുന്നുണ്ട്.
എന്നാൽ, വിഷയം വെള്ളപ്പൊക്കമുണ്ടാകുമ്പോൾ മാത്രം ചർച്ച ചെയ്യുന്നതല്ലാതെ നടപടി ഉണ്ടാകുന്നില്ല. ഒറ്റപ്പാലം നഗരത്തിന്റെ പ്രവേശന കവാടങ്ങളായ കിഴക്ക് കിഴക്കേ തോടും പടിഞ്ഞാറ് കണ്ണിയംപുറം തോടും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഇരുതോടുകളുടെയും വശങ്ങൾ സംരക്ഷണ ഭിത്തി കെട്ടാനായി 20 കോടി രൂപ സർക്കാർ അനുവദിച്ചതായി മുൻ എം.എൽ.എ പി. ഉണ്ണി അറിയിച്ചിരുന്നു. 2021 നവംബറിലാണ് സംസ്ഥാന സർക്കാർ തുക അനുവദിച്ച് ഉത്തരവിറക്കിയത്. മണ്ഡലത്തിലെ 19 പദ്ധതികൾക്കായി 244 കോടി രൂപ ബജറ്റിൽ വകയിരുത്തിയതിലാണ് തോടുകളുടെ സംരക്ഷണവും ഉൾപ്പെട്ടിരുന്നത്. പ്രഖ്യാപനത്തിനപ്പുറം ഇതുവരെ ഒന്നുമുണ്ടായില്ല. തോട് കൈയേറ്റവും മരങ്ങളും മറ്റും കുറുകെ അടിഞ്ഞുകൂടിയുള്ള ഒഴുക്ക് തടസവും സ്വാഭാവിക വെള്ളപ്പൊക്കത്തിന് ഇടയാക്കുന്നു.
നഗരസഭയുടെ നേതൃത്വത്തിൽ കഴിഞ്ഞ ആറുവർഷം മുമ്പ് നടന്ന പ്രളയകാലത്ത് തോടിന് കുറുകെ തടസ്സമായി കിടന്ന മരങ്ങൾ മുറിച്ചുനീക്കിയതല്ലാതെ തോട് സംരക്ഷണ പ്രവർത്തനം നടന്നിട്ടില്ല. വീടുകളിൽ അടിക്കടി വെള്ളം കയറുന്നത് സുരക്ഷക്ക് ഭീഷണിയാകുമെന്ന ആശങ്കയിലാണ് കുടുംബങ്ങൾ. പലരും ഭവന വായ്പയുടെ പിൻബലത്താലാണ് വീടുകൾ നിർമിച്ചത്. വെള്ളം അൽപം കുറഞ്ഞതോടെ തോട്ടിൽ മരങ്ങളും മറ്റും അടിഞ്ഞ അവസ്ഥയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.