ചികിത്സ നിഷേധം; ഒറ്റപ്പാലം താലൂക്ക് ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം തേടി
text_fieldsഒറ്റപ്പാലം: കോതകുറുശ്ശി സ്വദേശിനിയായ 12കാരിക്ക് ചികിത്സ നിഷേധമുണ്ടായെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ താലൂക്ക് ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം തേടിയതായി ഒറ്റപ്പാലം നാഗരസഭ അധ്യക്ഷ കെ. ജാനകിദേവി. ചുമയും കഫക്കെട്ടുമായി 12കാരിയെ മാതാവ് കഴിഞ്ഞ ഞായറാഴ്ചയാണ് അത്യാഹിത വിഭാഗത്തിലെ ഡോക്ടറെ സമീപിച്ചതെന്ന് പറയുന്നു. എക്സ്റേ, രക്ത പരിശോധന എന്നിവയെടുത്ത് അടുത്തദിവസം കുട്ടികളുടെ ഡോക്ടറെ കാട്ടാനും ഡോക്ടർ നിർദേശിച്ചു. അടുത്തദിവസം ഒ.പിയിലുണ്ടായിരുന്ന കുട്ടികളുടെ ഡോക്ടറെ പരിശോധന ഫലങ്ങൾ സഹിതം സമീപിച്ചപ്പോൾ അദ്ദേഹം കുപിതനായി പരിശോധന ഫലം ഉൾപ്പടെ രേഖകൾ മുഖത്തേക്ക് വലിച്ചെറിഞ്ഞതായാണ് പരാതി.
ആരെങ്കിലും എഴുതിവിടുന്ന പരിശോധന ഫലവുമായി വന്നാൽ അത് നോക്കാനല്ല താനിരിക്കുന്നതെന്ന പ്രതികരണത്തോടേയാണ് വലിച്ചെറിഞ്ഞതെന്ന് രോഗിയുടെ മാതാവ് ഒറ്റപ്പാലം സബ് കലക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നു. സർക്കാർ ഡോക്ടർമാരുടെ ഇത്തരത്തിലുള്ള പെരുമാറ്റം നിയമലംഘനമാണെന്നും ചികിത്സാനിഷേധം നീതികരിക്കാനാകാത്തതാണെന്നും ഡോക്ടർക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും സബ് കലക്ടർ, ആശുപത്രി സൂപ്രണ്ട്, നഗരസഭ അധ്യക്ഷ എന്നിവർക്ക് നൽകിയ പരാതിയിൽ പറയുന്നു. അതേസമയം ഇത്തരം ഒരു പരാതി ഇതേവരെ ലഭിച്ചിട്ടില്ലെന്നും എന്നാൽ കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ ആശുപത്രി സൂപ്രണ്ടിനോട് വാക്കാൽ വിശദീകരണം ആവശ്യപ്പെടുകയാണുണ്ടായതെന്നും നഗരസഭ അധ്യക്ഷ ജാനകിദേവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.