കുടുംബശ്രീ യൂനിറ്റുകൾക്ക് മാതൃകയായി അമ്പലപ്പാറ പഞ്ചായത്തിലെ 'സൗഭാഗ്യ'
text_fieldsഒറ്റപ്പാലം: ഒത്തുപിടിച്ചാൽ കുടുംബശ്രീ സംരംഭത്തിലൂടെ എന്ത് വ്യവസായവും ഏറ്റെടുത്ത് നടത്താൻ കഴിയുമെന്ന് തെളിയിച്ചിരിക്കുയാണ് കടമ്പൂരിലെ കൂനൻമല വാർഡിലെ സൗഭാഗ്യ കുടുംബശ്രീ യൂനിറ്റ്. അഞ്ച് വനിതകളുടെ കൂട്ടായ്മയിൽ ആരംഭിച്ച, നെല്ല് കുത്തുന്നതിനും ധാന്യങ്ങൾ പൊടിക്കുന്നതിനും എണ്ണയാട്ടുന്നതിനുമുള്ള വിപുലമായ യന്ത്ര സംവിധാനത്തോടെയുള്ള മിൽ ആണ് ഗ്രാമീണ മേഖലയിലെ പ്രദേശവാസികൾക്ക് ഏറെ ആശ്വാസമാകുന്നത്. അരിമാവ് തയാറാക്കുന്ന യൂണിറ്റ് സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംഘം ഇറങ്ങിത്തിരിച്ചത്. എന്നാൽ സ്വന്തമായി സ്ഥലം ലഭ്യമായതോടെ അമ്പലപ്പാറ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ ഷീറ്റിട്ട കെട്ടിടം യാഥാർഥ്യമായി. രണ്ട് ലക്ഷം രൂപയാണ് ഇതിന് മുടക്കിയത്. തുടർന്നാണ് പദ്ധതി വിപുലപ്പെടുത്താനുള്ള ആലോചന നടന്നത്. ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 6.5 ലക്ഷം രൂപ വിനിയോഗിച്ചാണ് യന്ത്ര സംവിധാനങ്ങൾ സ്ഥാപിച്ചത്.
നെല്ല് കുത്തുന്നതിനുള്ള സംവിധാനത്തിന് പുറമെ കൊപ്ര ആട്ടിക്കൊടുക്കുന്നതിനും മല്ലി, മുളക്, മഞ്ഞൾ, അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളും ആവശ്യക്കാരുടെ ഇഷ്ടാനുസരണം പൊടിച്ചു നൽകാൻ ഇവർക്ക് കഴിയുന്നു. ഒരേസമയം ഒന്നിലേറെ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയുമെന്ന പ്രത്യേകതയും ഇവിടെയുണ്ട്. വിവിധയിനം ധാന്യങ്ങൾ പൊടിച്ച് പാക്കറ്റുകളിലാക്കി കുടുംബശ്രീയുടെ പേരിൽ വിപണികളിലെത്തിക്കാനും ഇവർക്ക് പദ്ധതിയുണ്ട്. അമ്പലപ്പാറ പഞ്ചായത്ത് സി.ഡി.എസ് അംഗം ഇ.എസ്. സുനിതയുടെ പരിശ്രമമാണ് പദ്ധതിക്ക് പിന്നിൽ. യൂണിറ്റ് പ്രസിഡൻറ് എം.ആർ. ജയശ്രീ, സെക്രട്ടറി വി.കെ. സരസ്വതി, അംഗങ്ങളായ കെ.ഡി. സബിത, ഇ.പി. കല്യാണി, ടി.ജി. ഷൈനി എന്നിവരടങ്ങിയ കൂട്ടായ്മയാണ് മില്ല് നടത്തിവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.