ഒറ്റപ്പാലത്ത് രണ്ടാംഘട്ട മാലിന്യനീക്കത്തിന് തുടക്കം
text_fieldsഒറ്റപ്പാലം: നഗരസഭ അധീനതയിലുള്ള ഖരമാലിന്യ സംസ്കരണ പ്ലാൻറിൽ കുന്നുകൂടിയ മാലിന്യം നീക്കാനുള്ള തീരുമാനത്തിന്റെ ആശ്വാസത്തിൽ സൗത്ത് പനമണ്ണ ഗ്രാമവാസികൾ. രണ്ട് പതിറ്റണ്ടിലേറെയായി 20 അടിയിലേറെ ഉയരത്തിൽ കുന്നുകൂടിയ മാലിന്യം നീക്കാനുള്ള രണ്ടാംഘട്ട പദ്ധതികൾ ആരംഭിച്ചതോടെയാണ് പ്രദേശവാസികൾക്ക് ആശ്വാസമായത്. രണ്ടാംഘട്ട മാലിന്യനീക്കത്തിന് 1.64 കോടി രൂപയുടെ കരാറായി.കോഴിക്കോട് ആസ്ഥാനമായ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ ആധുനിക യന്ത്രസംവിധാനങ്ങളുടെ സഹായത്തോടെയാണ് മാലിന്യം നീക്കുക.
20,100 ക്യൂബിക് ടൺ മാലിന്യം മൂന്ന് മാസത്തിനുള്ളിൽ പൂർണമായും നീക്കം ചെയ്യണമെന്നതാണ് കരാർ വ്യവസ്ഥ. 70 ലക്ഷം രൂപ ചെലവിട്ട് നടന്ന ആദ്യഘട്ട പദ്ധതിയിൽ 9,100 ക്യുബിക് ടൺ മാലിന്യം നീക്കിയിരുന്നു. മാസങ്ങൾക്ക് മുമ്പ് സൗത്ത് പനമണ്ണ സ്വദേശി നൽകിയ പരാതി പരിഗണിച്ച് ദേശീയ ഹരിത ട്രിബ്യൂണൽ കടുത്ത രീതിയിൽ നഗരസഭയോട് പ്രതികരിച്ചിരുന്നു. ഖരമാലിന്യ സംസ്കരണ പ്ലാൻറിൽ മാലിന്യം കെട്ടിക്കിടക്കുന്നത് മൂലം പ്രദേശവാസികൾ നേരിടുന്ന പ്രയാസങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
ട്രിബ്യുണലിന്റെ ഇടപെടലാണ് മാലിന്യനീക്കത്തിന് സഹായകമായത്. മാലിന്യം ശാസ്ത്രീയരീതിയിൽ സംസ്കരിക്കണമെന്നതായിരുന്നു ട്രിബ്യൂണലിന്റെ നിർദേശം. ശുചിത്വ മിഷനും മലിനീകരണ നിയന്ത്രണ ബോർഡും നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചാണ് മാലിന്യം സംസ്കരിക്കേണ്ടത്. ഇതിനുള്ള യന്ത്രങ്ങൾ സ്ഥാപിക്കുന്ന പ്രവൃത്തികളാണ് പ്ലാൻറിൽ നടന്നുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.