ഇവിടെ വിളയുന്നത് ഇരുചക്ര വാഹനങ്ങൾ
text_fieldsഒറ്റപ്പാലം: കർഷകർ കൈയൊഴിഞ്ഞതോടെ പച്ചക്കറി വിപണന കേന്ദ്രം ഇരുചക്ര വാഹനങ്ങളുടെ സ്ഥിരം പാർക്കിങ് കേന്ദ്രമായി. ഒറ്റപ്പാലം നഗരസഭ ബസ് സ്റ്റാൻഡിന് തെക്ക് നഗരസഭയുടെ തന്നെ അധീനതയിലുള്ള സ്ഥലത്ത് നിർമിച്ച പച്ചക്കറി വിപണന കേന്ദ്രത്തിനാണ് ഈ ദുര്യോഗം. ഇടനിലക്കാരില്ലാതെ കർഷകർക്ക് നേരിട്ട് ഉൽപന്നങ്ങൾ വിൽക്കുക എന്ന ലക്ഷ്യത്തോടെ മൂന്ന് വർഷം മുമ്പ് നഗരസഭ നിർമിച്ചതാണിത്.
കോവിഡിനെ തുടർന്ന് ലോക്ഡൗൺ പ്രാഖ്യാപിക്കുകയും കർഷരുടെ ഉൽപന്നങ്ങൾ വിൽക്കാൻ കഴിയാതാവുകയും ചെയ്ത ഘട്ടത്തിൽ നഗരസഭ ഓപൺ ഓഡിറ്റോറിയത്തിൽ ആരംഭിച്ച താൽക്കാലിക കാർഷിക ചന്തയുടെ അനുഭവവും വിജയവുമാണ് സ്ഥിരം വിപണന കേന്ദ്രമെന്ന ആശയത്തിന് വിത്ത് പാകിയത്.
ഇടനിലക്കാരില്ലാതെ കർഷകർ നേരിട്ട് ഉൽപന്നങ്ങൾ ആവശ്യക്കാർക്ക് വിൽക്കുന്ന ചന്തയിലെ രീതിയോട് പൂർണ സഹകരണമാണ് ലഭിച്ചത്. നഗരസഭയുടെയും കൃഷി ഭവന്റെയും കർഷക കൂട്ടായ്മയുടെയും നേതൃത്വത്തിലായിരുന്നു പ്രവർത്തനം. പച്ചക്കറി വിപണിക്കായി സ്ഥലം കണ്ടെത്തി ടെൻഡർ ക്ഷണിച്ചെങ്കിലും ഏറ്റെടുക്കാൻ ആരുമെത്തിയില്ല. ഒടുവിൽ ഓഫർ ക്ഷണിച്ചാണ് രണ്ട് ലക്ഷം രൂപക്ക് വിപണന കേന്ദ്രത്തിന് ഷെഡ് നിർമിച്ചത്. സ്ഥിരം സംവിധാനം യാഥാർഥ്യമായതോടെ താൽക്കാലിക ചന്ത നിർത്തലാക്കി. വീണ്ടുമൊരു ലോക്ഡൗൺ ഉണ്ടായെങ്കിലും രണ്ടുമില്ലാത്ത അവസ്ഥയിലായി.
പച്ചക്കറി വിപണി പ്രവർത്തിക്കാതായതോടെ ഒന്നും രണ്ടുമെന്ന കണക്കിൽ ഇരുചക്ര വാഹനങ്ങൾ കൊണ്ടുവന്ന് നിർത്തി തുടങ്ങി. നഗരസഭ അധികൃതരുടെ വിലക്കൊന്നുമില്ലെന്ന് വന്നതോടെ അകത്തും പുറത്തുമെന്ന നിലയിലേക്ക് വാഹനങ്ങൾ പെരുകി.
കർഷകർ രംഗത്ത് വരാത്തതാണ് പച്ചക്കറി വിപണി അനാഥാവസ്ഥയിലാവാൻ കാരണമെന്ന് നഗരസഭ അധികൃതർ പറയുന്നു. പ്രാദേശിക കർഷകർ ഏറ്റെടുത്ത് നടത്താൻ തയാറായാൽ വിപണി വിട്ടുകൊടുക്കുമെന്ന് നഗരസഭ ഉപാധ്യക്ഷൻ കെ. രാജേഷ് പറഞ്ഞു. പ്രാദേശിക കർഷകരിൽനിന്ന് നാടൻ ഉൽപന്നങ്ങൾ ലഭിക്കുമെന്നതിനാൽ വില അൽപം കൂടിയാലും ആവശ്യക്കാർ ഗൗനിക്കാറില്ലെന്നതാണ് വസ്തുത. ഇടനിലക്കാരില്ലാതെ ഉൽപന്നങ്ങൾ നേരിട്ട് വിൽക്കുന്നതിലൂടെ കർഷകർക്ക് കൂടുതൽ ലാഭവും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.