വനിതകൾക്ക് രാപ്പാർക്കാൻ ഒറ്റപ്പാലത്ത് ഷീ ലോഡ്ജ് സജ്ജം
text_fieldsഒറ്റപ്പാലം: രാത്രി കാലങ്ങളിൽ എത്തിപ്പെടുന്ന വനിതകൾക്ക് താമസിക്കാൻ നഗരസഭയുടെ ഷീ ലോഡ്ജ് ഒറ്റപ്പാലത്ത് സജ്ജം. കുടുംബശ്രീ പ്രവർത്തകർ ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പൂർത്തിയാകുന്ന മുറക്ക് ഷീ ലോഡ്ജ് പ്രവർത്തനം ആരംഭിക്കും. ഇതിനായി നഗരസഭ അപേക്ഷ ക്ഷണിച്ചു. രാത്രികളിൽ ഒറ്റപ്പാലത്ത് എത്തുന്ന വനിതകൾ നേരിടുന്ന താമസ പ്രശ്നത്തിന് പരിഹാരമായി നഗരസഭ നേതൃത്വത്തിലാണ് ഷീ ലോഡ്ജ് സജ്ജമാക്കിയിട്ടുള്ളത്.
നഗരസഭ ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ പുതിയ കെട്ടിടത്തിെൻറ ഒന്നാം നിലയിലാണ് ലോഡ്ജ് ഒരുക്കിയിട്ടുള്ളത്. സ്റ്റാൻഡിൽനിന്ന് ഇവിടെക്കായി പ്രത്യേക ഗോവണി സൗകര്യവുമുണ്ടായിരിക്കും. ആദ്യ ഘട്ടമെന്ന നിലയിൽ അഞ്ചുപേർക്ക് താമസിക്കാൻ തരത്തിൽ അഞ്ച് കിടക്കളാണ് ലോഡ്ജിൽ ഏർപ്പെടുത്തിയിട്ടുള്ളത്. കുടുംബശ്രീയുടെ മേൽനോട്ടത്തിൽതന്നെ ഭക്ഷണ സൗകര്യവും സജ്ജീകരിക്കും.
ബസ് സ്റ്റാൻഡിന് ഏറെ അകലെയല്ലാതെ സ്ഥിതിചെയ്യുന്ന ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ വണ്ടിയിറങ്ങുന്ന വനിതകൾ ഉൾപ്പെടെയുള്ളവർക്ക് തൊട്ടടുത്ത് ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ഷീ ലോഡ്ജ് ഏറെ പ്രയോജകമായിരിക്കുമെന്നതാണ് നഗരസഭ അധികൃതരുടെ കണക്കുകൂട്ടൽ. സർക്കാർ ഓഫിസുകളിൽ ജോലിക്കെത്തുന്നവർക്കും പഠനത്തിനായെത്തി തങ്ങാൻ ബുദ്ധിമുട്ടുന്നവർക്കും ഷീ ലോഡ്ജ് അനുഗ്രഹമാകും. ലോഡ്ജിൽ സുരക്ഷയുടെ ഭാഗമായി സെക്യൂരിറ്റിയുടെ സേവനവും ഏർപ്പെടുത്തുമെന്ന് നഗരസഭ അധികൃതർ പറഞ്ഞു. കഴിഞ്ഞവർഷത്തെ നഗരസഭ ബജറ്റിൽ വിഭാവനം ചെയ്ത വനിത ഹോസ്റ്റലാണ് ഷീ ലോഡ്ജ് എന്ന പദ്ധതിയായി പ്രവർത്തനം ആരംഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.