ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ സ്പെഷാലിറ്റി ഒ.പി
text_fieldsഒറ്റപ്പാലം: സ്പെഷാലിറ്റി ഒ.പികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ അടുത്ത ആഴ്ച മുതൽ ജനറൽ ഒ.പി പ്രവർത്തനം ഉണ്ടായിരിക്കില്ലെന്ന് ആശുപത്രി സൂപ്രണ്ട് താലൂക്ക് വികസന സമിതി യോഗത്തിൽ അറിയിച്ചു. എല്ലാതരം രോഗികളും ജനറൽ ഒ.പിയിൽ കാത്തുനിൽക്കുന്നത് ഒഴിവാക്കാൻ പുതിയ സംവിധാനത്തിന് കഴിയും.
ഡോക്ടർമാർ കൃത്യസമയം പാലിക്കുന്നില്ലെന്ന പരാതി വീണ്ടുമുയർന്നു. ഇവരുടെ പ്രത്യേക യോഗം വിളിച്ചുകൂട്ടി ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയതായി സൂപ്രണ്ട് പറഞ്ഞു. ചെർപ്പുളശ്ശേരി ഗവ. ആശുപത്രിയിൽ നടത്തിയിരുന്ന പോസ്റ്റ്മോർട്ടം കോവിഡ് കാലത്ത് നിർത്തിവെച്ചത് പുനരാരംഭിക്കണമെന്ന ആവശ്യം ഉയർന്നു. നിയമസഭ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ എച്ച്.എം.സി യോഗത്തിൽ പങ്കെടുക്കണമെന്ന നിബന്ധന നിലനിൽക്കെ, പരിസരത്തെ ആശുപത്രികളിലെ യോഗങ്ങൾക്ക് ക്ഷണമുണ്ടാകുന്നില്ലെന്ന ആക്ഷേപവും ഉയർന്നു.
തെരുവുനായ്ക്കളുടെ ശല്യം ക്രമാതീതമായി വർധിക്കുമ്പോഴും എ.ബി.സി പദ്ധതി കാര്യക്ഷമമല്ലെന്ന ആരോപണമുയർന്നു. ഒരു ഡോക്ടറുടെയും മൂന്ന് നായ് പിടിത്തക്കാരുടെയും സേവനം മാത്രമാണ് താലൂക്കിന് അനുവദിച്ചിരിക്കുന്നതെന്ന് വെറ്ററിനറി ഡോക്ടർ അറിയിച്ചു. നിലവിൽ കടമ്പഴിപ്പുറം, ശ്രീകൃഷ്ണപുരം മേഖലകളിലാണ് എ.ബി.സി പദ്ധതി നടത്തിവരുന്നതെന്നും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ മാത്രമാണ് ശസ്ത്രക്രിയ സംവിധാനം നിലവിലുള്ളതെന്നും ഡോക്ടർ പറഞ്ഞു.
എ.ബി.സി പദ്ധതി കാര്യക്ഷമമാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് ജില്ല അധികൃതരെ വിവരം അറിയിക്കാൻ യോഗം തീരുമാനിച്ചു. പട്ടയം ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി സമീപിക്കുന്നവരിൽനിന്ന് വില്ലേജ് ഓഫിസർമാർ വലിയ തുക കൈക്കൂലി ആവശ്യപ്പെടുന്നത് പതിവാണെന്നും തഹസിൽദാർ നടപടി സ്വീകരിക്കണെമന്നും യോഗം ആവശ്യപ്പെട്ടു.
ബിവറേജസിന്റെ മദ്യവിൽപന ഒറ്റപ്പാലം ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിലേക്ക് മാറ്റിയത് മുതൽ ഇവിടം സാമൂഹിക വിരുദ്ധരുടെ താവളമായി മാറി. ഇതിനെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ഉയർന്നു. രാത്രി പൊലീസ് കൃത്യമായി പട്രോളിങ് നടത്തുന്നുണ്ടെന്ന് സബ് ഇൻസ്പെക്ടർ അറിയിച്ചു. നഗരസഭ അധ്യക്ഷ കെ. ജാനകി ദേവി അധ്യക്ഷത വഹിച്ചു. തഹസിൽദാർ സി.എം. അബ്ദുൽ മജീദ് അടക്കമുള്ളവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.