താലൂക്ക് വികസന സമിതി യോഗം; ക്രയ സർട്ടിഫിക്കറ്റിനായി ലാൻഡ് ട്രൈബ്യൂണലിൽ കെട്ടിക്കിടക്കുന്നത് 1468 അപേക്ഷകൾ
text_fieldsഒറ്റപ്പാലം: ലാൻഡ് ട്രൈബ്യൂണലിൽ ക്രയസർട്ടിഫിക്കറ്റിനായി (പട്ടയം) സമർപ്പിച്ച അപേക്ഷകളിൽ തീർപ്പാകാതെ കെട്ടിക്കിടക്കുന്നത് 1468 അപേക്ഷകളാണെന്ന് താലൂക്ക് വികസന സമിതി യോഗത്തിൽ ഭൂപരിഷ്കരണ പ്രത്യേക തഹസിൽദാരുടെ സാക്ഷ്യപത്രം. കഴിഞ്ഞ താലൂക്ക് വികസന സമിതി യോഗത്തിൽ തീർപ്പാകാതെ കെട്ടിക്കിടക്കുന്ന അപേക്ഷകളുടെ കൃത്യമായ കണക്ക് ഹാജരാക്കണമെന്ന നിർദേശത്തെ തുടർന്നാണ് രേഖാമൂലമുള്ള വിശദീകരണം.
2000 മുതൽ 2023 വരെയുള്ളതാണ് ഇത്. ഇതിനായി അദാലത്ത് സംഘടിപ്പിക്കണമെന്ന ആവശ്യം ഉയർന്നു. കെട്ടികിടക്കുന്ന പട്ടയങ്ങൾ വിതരണം ചെയ്യാൻ ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് അഡ്വ.കെ. പ്രേംകുമാർ എം.എൽ.എ നിർദേശിച്ചു. മന്ത്രിയുടെ നേരിട്ടുള്ള സന്ദർശനത്തിന് ശേഷവും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട പരാതികൾക്ക് പരിഹാരമുണ്ടായില്ലെന്ന ആക്ഷേപവും യോഗത്തിൽ ഉയർന്നു.
സ്വകാര്യ ആശുപത്രികളെ സഹായിക്കുന്ന നിലപാടാണ് താലൂക്ക് ആശുപത്രി അധികൃതർ കൈക്കൊള്ളുന്നതെന്ന് സംശയിക്കും വിധത്തിലാണ് കാര്യങ്ങളുടെ പോക്കെന്ന് അംഗങ്ങൾ കുറ്റപ്പെടുത്തി. ആശുപത്രിയിലെ രക്ത ബാങ്ക് അടുത്ത മാസം പ്രവർത്തനം തുടങ്ങുമെന്ന് സൂപ്രണ്ട് ഇൻ ചാർജ്ജ് ഡോ. രാധ പറഞ്ഞു. ചെറിയ കുട്ടികൾ പങ്കെടുക്കുന്ന ഉപജില്ല കലോത്സവങ്ങൾ രാത്രി 12 മണിക്കപ്പുറം നീട്ടിക്കൊണ്ടുപോകാതികരിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്ന ആവശ്യവും ഉയർന്നു. അഡ്വ.കെ. പ്രേംകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.