പാർക്കിങ് ആശങ്കക്ക് വിട
text_fieldsഒറ്റപ്പാലം: ഓണക്കാലത്തെ തിരക്ക് മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി വാഹനങ്ങൾക്ക് താൽക്കാലിക പാർക്കിങ് സംവിധാനം ഒരുക്കാൻ തീരുമാനം. നഗരസഭ, പൊലീസ്, വ്യാപാരി വ്യവസായി ഏകോപന സമിതി, വഴിയോരക്കച്ചവടക്കാർ, ചുമട്ടുതൊഴിലാളികൾ എന്നിവരുമായി നടത്തിയ രണ്ട് വട്ട ചർച്ചക്കൊടുവിലാണ് പാർക്കിങ് ഏർപ്പെടുത്താൻ തീരുമാനമായത്. 26, 27, 28 തീയതികളിൽ രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയാണ് പരീക്ഷണരീതിയിൽ പാർക്കിങ് ഏർപ്പെടുത്തുക. ഇതനുസരിച്ച് വ്യാപാര സ്ഥാപനങ്ങളുടെ ഉടമയുടെയും ജീവനക്കാരുടെയും വാഹനങ്ങൾ സ്ഥാപനത്തിന് മുന്നിൽ നിർത്തിയിടുന്നത് ഉൾപ്പടെ നഗര പാതയിലെ പാർക്കിങ് പൂർണമായും ഒഴിവാക്കേണ്ടതാണ്.
വിവിധ ആവശ്യങ്ങൾക്കായി കിഴക്ക് ഭാഗത്ത് നിന്നും ഒറ്റപ്പാലത്തേക്ക് വരുന്ന വാഹനങ്ങൾ നഗരസഭ മാർക്കറ്റിങ് കോംപ്ലക്സ് പരിസരം, ബി.ഇ.എം യു.പി സ്കൂൾ ഗ്രൗണ്ട്, കോടതി വളപ്പ്, ബസ് സ്റ്റാൻഡിന് പുറക് വശം, അർബൻ ബാങ്കിന് സമീപം സ്വകാര്യ വ്യക്തിയുടെ ഒഴിച്ചിട്ട സ്ഥലം എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്ത് വേണം ആവശ്യങ്ങൾ പൂർത്തിയാക്കാൻ. ചെർപ്പുളശ്ശേരി റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഒഴിവാക്കണം. ഇവിടെയുള്ള വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ ഒറ്റപ്പാലം എൻ.എസ്.എസ്.കെ.പി.ടി ഹൈസ്കൂൾ ഗ്രൗണ്ടിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരീക്ഷിക്കാൻ വ്യാപാരി സംഘടന സെക്യൂരിറ്റിയെ ചുമതലപ്പെടുത്തിയതായും ബന്ധപ്പെട്ടവർ അറിയിച്ചു. തെരുവ് കേന്ദ്രീകരിച്ച് നടക്കുന്ന പൂ വ്യാപാരികൾക്ക് താൽക്കാലിക ലൈസൻസ് അനുവദിച്ചതായും നഗരത്തിലെ കയറ്റിറക്കിന് സമയം ക്രമീകരിച്ചിട്ടുണ്ടെന്നും നഗരസഭ അധികൃതർ അറിയിച്ചു.
പാർക്കിങ് സൗകര്യത്തിന്റെ അഭാവത്തിൽ ഓണത്തിരക്കിലമരുന്ന ഒറ്റപ്പാലത്ത് ഗതാഗതക്കുരുക്ക് പതിവാണ്. മണിക്കൂറുകളോളം നീളുന്ന കുരുക്ക് അഴിക്കാൻ പൊലീസും നന്നേ പാടുപെടാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണ പരീക്ഷണാടിസ്ഥാനത്തിൽ താൽക്കാലിക പാർക്കിങ് ഏർപ്പെടുത്തുന്നത്. ജനങ്ങളുടെ സഹകരണം ഇക്കാര്യത്തിൽ ഉണ്ടാവണമെന്ന് പൊലീസ് അഭ്യർഥിച്ചു. നഗരസഭ അധ്യക്ഷ കെ. ജാനകി ദേവി, ഉപാധ്യക്ഷൻ കെ. രാജേഷ്, ട്രാഫിക് എ.എസ്.ഐ വിനോദ് ബി. നായർ എന്നിവർ പാർക്കിങ് ക്രമീകരണം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.