ഒറ്റപ്പാലം താലൂക്ക് ആശുപത്രി പാർക്കിങ് പ്രശ്നത്തിന് താൽക്കാലിക പരിഹാരം
text_fieldsഒറ്റപ്പാലം: മാസങ്ങളായി തുടരുന്ന താലൂക്ക് ആശുപത്രിയിലെ ഇരുചക്ര വാഹനങ്ങളുടെ പാർക്കിങ് സംബന്ധിച്ച പ്രശ്നത്തിന് താൽക്കാലിക പരിഹാരം. ആശുപത്രിയുടെ തെക്ക് പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് പരിസരത്ത് ഒ.പി വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന് സമീപം അടഞ്ഞുകിടക്കുന്ന ഗേറ്റ് ഇരുചക്ര വാഹനങ്ങളുടെ പാർക്കിങ്ങിനായി തുറന്നുകൊടുക്കാനാണ് ആശുപത്രി മാനേജ്മെൻറ് കമ്മിറ്റി (എച്ച്.എം.സി) യോഗത്തിൽ തീരുമാനം.
നേരത്തെ ആശുപത്രിയുടെ പ്രധാന കവാടത്തിന് മുന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മൂലം അത്യാഹിത ഘട്ടങ്ങളിൽ ആംബുലൻസ് ഉൾപ്പടെ വാഹനങ്ങൾക്ക് ആശുപത്രിയിൽ പ്രവേശിക്കുന്നതിന് തടസ്സം നേരിടുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസം വാഹനവുമായെത്തി പൊലീസ് ഏതാനും ഇരുചക്ര വാഹനങ്ങൾ കൊണ്ടുപോവുകയും ചെയ്തു. കഴിഞ്ഞ താലൂക്ക് വികസന സമിതി യോഗത്തിൽ ഉൾപ്പടെ മൂന്ന് യോഗങ്ങളിലെ സ്ഥിരം ചർച്ച വിഷയം ഇതായിരുന്നെങ്കിലും പരിഹാരമുണ്ടായിരുന്നില്ല.
നേത്ര ശസ്ത്രക്രിയ വിഭാഗത്തിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഡി.എം.ഒ ഉൾപ്പെട്ട സംഘം താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടം സന്ദർശിച്ചിരുന്നതായും കണ്ടെത്തിയ ന്യൂനത പരിഹരിക്കാൻ രണ്ടാഴ്ച സമയം അനുവദിച്ചിരിക്കുകയാണെന്നും ഇത് പരിഹരിക്കുന്ന മുറക്ക് നേത്ര ശസ്ത്രക്രിയ വിഭാഗത്തിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ കഴിയുമെന്നും അഡ്വ. കെ. പ്രേംകുമാർ എം.എൽ.എ പറഞ്ഞു.
ആശുപത്രി കാൻറീൻ നടത്തിപ്പിന് 65,600 രൂപയുടെ ടെണ്ടർ ക്ഷണിച്ചിരുന്നെങ്കിലും ഏറ്റെടുക്കാൻ ആരുമെത്തിയില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അടിസ്ഥാന തുക 45,000 രൂപ നിശ്ചയിച്ച് റീ ടെൻഡർ നടത്താനും ആരുമെത്തിയില്ലെങ്കിൽ ഓഫർ ക്ഷണിക്കാനും തീരുമാനിച്ചു. കാലാവധി ജൂൺ ഒമ്പതിന് കഴിയുന്നതിനാൽ 10 മുതൽ ഓഫർ നടപടി പൂർത്തിയാകുന്നത് വരെ ദിനേന 1000 രൂപ നിലവിലെ നടത്തിപ്പുകാരനിൽനിന്ന് വാടക പിരിക്കാനും തീരുമാനിച്ചു.
ആശുപത്രിയിലെ സൗജന്യ ഡയാലിസിസ് യൂനിറ്റിൽ ഡയാലിസിസ് നടത്തിവരുന്നവരിൽ 10 പേരാണ് നഗരസഭ പരിധിയിൽനിന്നുള്ളത്. 82 രോഗികൾ താലൂക്കിൽനിന്നും 120 പേർ ഇതര താലൂക്കുകളിൽനിന്നും ഉള്ളവരാണ്. മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഫണ്ട് ലഭ്യമാക്കാൻ കത്ത് നൽകിയിട്ടുണ്ടെന്നും നിലവിൽ ഇതിനുള്ള ചെലവുകൾ വഹിക്കുന്നത് എച്ച്.എം.സിയാണെന്നും അധികൃതർ പറഞ്ഞു.
ഫെബ്രുവരി മുതൽ മേയ് വരെ തുണി അലക്കാൻ എച്ച്.എം.സി ചെലവിട്ടത് 3,21,620 രൂപയാണ്. ഈ സാഹചര്യത്തിൽ ലോൻഡ്രി ആശുപത്രിയിൽ പുനഃസ്ഥാപിക്കുന്ന കാര്യവും ചർച്ച ചെയ്തു. വലിയ തോതിലുള്ള മലിനജലം സംസ്കരിക്കാൻ സംവിധാനമില്ലെന്നും നഗരസഭ എൻജിനീയറുടെ റിപ്പോർട്ട് ലഭിച്ച ശേഷം പരിഗണിക്കാനും യോഗം തീരുമാനിച്ചു. നഗരസഭ അധ്യക്ഷ കെ. ജാനകി ദേവി, സ്ഥിരംസമിതി അധ്യക്ഷ രൂപ ഉണ്ണി, ലെ സെക്രട്ടറി ശ്രീലത, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.