കുടിവെള്ള തർക്കത്തിനിടെ കത്തിക്കുത്ത്;പ്രതിക്ക് ഏഴ് വർഷം കഠിനതടവും കാൽ ലക്ഷം പിഴയും
text_fieldsഒറ്റപ്പാലം: കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് കുടിവെള്ള കമ്മിറ്റി അംഗത്തെ കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിനതടവും കാൽ ലക്ഷം രൂപയും വിധിച്ചു. വെള്ളിനേഴി കുറ്റാനശ്ശേരിയിലെ നെട്ടംപറമ്പത്ത് മണികണ്ഠനെ (51) ഒറ്റപ്പാലം അഡീഷണൽ ജില്ല ആൻഡ് സെഷൻസ് കോടതിയാണ് ശിക്ഷിച്ചത്. കുറ്റാനശ്ശേരിയിലെ കുന്നത്ത് വീട്ടിൽ പ്രഭാകരന് (60) പരിക്കേറ്റ കേസിലാണ് ജഡ്ജ് പി. സെയ്തലവിയുടെ വിധി.
2017 ജൂൺ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. പ്രദേശത്തെ മാപ്പിള കുന്ന് ഇറിഗേഷനുമായി ബന്ധപ്പെട്ട കുടിവെള്ള പദ്ധതിയിൽനിന്ന് വീട്ടിലേക്ക് വെള്ളം ലഭിക്കുന്നില്ലെന്നാരോപിച്ച് പമ്പ് ഓപറേറ്ററുമായി മണികണ്ഠൻ വാക്കേറ്റമുണ്ടാക്കിയിരുന്നു. തനിക്ക് വെള്ളം ലഭിക്കാത്ത സാഹചര്യത്തിൽ മറ്റാർക്കും ജലവിതരണം നടത്തരുതെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. തുടർന്ന് ഓപറേറ്റർ ജോലി തുടരാൻ കഴിയില്ലെന്ന് ബന്ധപ്പെട്ടവരെ അറിയിച്ചു.
വൈകുന്നേരം ഏഴരയോടെ മധ്യസ്ഥതക്ക് ആളുകൾ കൂടിയ വേളയിലാണ് വാക്ക് തർക്കത്തിനൊടുവിൽ മണികണ്ഠൻ പ്രഭാകരനെ കത്തിയെടുത്ത് കുത്തിയത്. ഇടത് തോളിലും വയറ്റിലും കുത്തേറ്റ പ്രഭാകരനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ 11 ദിവസം പ്രവേശിപ്പിച്ചിരുന്നു. സംഭവദിവസം രാത്രി എട്ടേമുക്കാലോടെ വീണ്ടുമുണ്ടായ സംഘർഷത്തിൽ പ്രതിക്ക് അടിയേറ്റതുമായി ബന്ധപ്പെട്ട് മറ്റൊരു കേസ് ഒറ്റപ്പാലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലുണ്ട്. ഒറ്റപ്പാലം എസ്.ഐ ആയിരുന്ന ദീപുകുമാർ അന്വേഷിച്ച കേസാണിത്. വധശ്രമത്തിനാണ് കേസെടുത്തിരുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ കെ. ഹരി ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.