ഹൈകോടതി നിർദേശം നടപ്പാകുന്നില്ല; അനിശ്ചിതത്വം തുടർന്ന് ഈസ്റ്റ് ഒറ്റപ്പാലം ഗവ. സ്കൂളിലെ കെട്ടിട നിർമാണം
text_fieldsഈസ്റ്റ് ഒറ്റപ്പാലം ഗവ. സ്കൂളിൽ പുതിയ കെട്ടിട നിർമാണത്തിന് പൊളിച്ചുനീക്കേണ്ട ഗവ. എ.എൽ.പി സ്കൂൾ പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടം
ഒറ്റപ്പാലം: ഹൈകോടതിയുടെ നിർദേശമുണ്ടായിട്ടും ഈസ്റ്റ് ഒറ്റപ്പാലം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമാണത്തിൽ അനിശ്ചിതത്വം തുടരുന്നു. സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിന് അനുവദിച്ച കെട്ടിട നിർമാണമാണ് സ്ഥലമൊരുക്കുന്നതിലെ കാലതാമസം മൂലം എങ്ങുമെത്താത്തത്. കെട്ടിട നിർമാണത്തിനായി കണ്ടെത്തിയത് പരിസരത്ത് പ്രവർത്തിച്ചിരുന്ന ഗവ. എ.എൽ.പി സ്കൂളിന്റെ സ്ഥലമാണ്. എന്നാൽ ഇതിലെ കാലപ്പഴക്കം ചെന്ന ഓടിട്ട കെട്ടിടം പൊളിക്കുന്നതിലെ കാലതാമസമാണ് കെട്ടിട നിർമാണത്തെ പ്രതികൂലമായി ബാധിക്കുന്നത്.
ഇക്കാര്യത്തിൽ ഒറ്റപ്പാലം നഗരസഭയും വിദ്യാഭ്യാസ വകുപ്പും അനാസ്ഥ തുടരുകയാണെന്ന് പി.ടി.എ പ്രസിഡന്റ് പി.എം.എ. ജലീൽ ആരോപിച്ചു. 3.89 കോടി രൂപ ചെലവ് വരുന്ന കെട്ടിടം നിർമാണത്തിന് 2018 ഡിസംബർ 24നാണ് ഭരണാനുമതി ലഭിച്ചത്. വിദ്യാഭ്യാസ സംരക്ഷണയജ്ഞം പദ്ധതിയുടെ ഭാഗമായി സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് വിഭാവനം ചെയ്ത നിർമാണ പ്രവൃത്തിയാണിത്. പദ്ധതിയിൽ വരുന്ന 27 വിദ്യാലയങ്ങളിൽ ഒന്നാണ് ഈസ്റ്റ് ഒറ്റപ്പാലം വിദ്യാലയം.
സ്ഥലപരിമിതി ഉൾപ്പടെ നിരവധി പരാധീതകളാണ് വിദ്യാലയം നേരിടുന്നത്. പദ്ധതിക്ക് ഭരണാനുമതി ലഭിച്ച് ആറുവർഷം പിന്നിടുന്ന വേളയിലാണ് നിർമാണ സ്തംഭനം ചൂണ്ടിക്കാട്ടി സ്കൂൾ പി.ടി.എ ഹൈകോടതിയെ സമീപിച്ചത്. തുടർന്ന്, ഇക്കഴിഞ്ഞ നവംബറിൽ കെട്ടിട നിർമാണം ഉടൻ ആരംഭിക്കാൻ ഹൈകോടതി സർക്കാറിന് നിർദേശം നൽകി. നിർമാണ ചുമതലയുള്ള കില ടെൻഡർ നടപടികൾ പൂർത്തിയാക്കിയെങ്കിലും കെട്ടിടം പൊളിച്ചുനീക്കാത്തതിനാൽ നിർമാണവുമായി മുന്നോട്ടുപോകാനുമായില്ല. ഹൈകോടതി ഉത്തരവ് നിലനിൽക്കുന്നതിനാൽ നിർമാണം ഉടൻ നടത്താനായി സ്ഥലം ഒരുക്കി നൽകാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കില അധികൃതർ രണ്ട് തവണ നഗരസഭക്ക് കത്ത് നൽകിയെങ്കിലും അനാസ്ഥ തുടരുകയാണെന്ന് ജലീൽ ആരോപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.