ഒറ്റപ്പാലത്തെ കോടതി കെട്ടിടം സംരക്ഷിക്കണമെന്ന ആവശ്യം ശക്തം
text_fieldsഒറ്റപ്പാലം: നിർദിഷ്ട കോർട്ട് കോംപ്ലക്സ് നിർമാണ പേരിൽ പൊളിച്ചുമാറ്റാനൊരുങ്ങുന്ന ഒറ്റപ്പാലത്തെ ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള കോടതി കെട്ടിടം ചരിത്ര സ്മാരകമായി സംരക്ഷിക്കണമെന്ന ആവശ്യവുമായി വിവിധ സംഘടനകൾ. 1880 ൽ ബ്രിട്ടീഷ് ഭരണ കാലത്ത് നിർമിച്ച കെട്ടിടം ചരിത്ര പുരാവസ്തു രാഷ്ട്രീയ പ്രാധാന്യം കണക്കിലെടുത്ത് സംരക്ഷിത സ്മാരകമായി നിലനിർത്തണമെന്ന് പാൽഘാട്ട് ഹിസ്റ്ററി ക്ലബ് ഭാരവാഹികൾ ആവശ്യപ്പെട്ടു.
സ്വാതന്ത്ര്യ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ഈ കോടതിയിലാണ് 1921ൽ നടന്ന പ്രഥമ കെ.പി.സി.സി സമ്മേളനത്തിൽ പങ്കെടുത്തവരെ ബ്രിട്ടീഷ് സർക്കാറിെൻറ പൊലീസ് പിടിക്കൂടി വിചാരണക്ക് ഹാജരാക്കിയത്. ജസ്റ്റിസ് മാധവൻ നായർ, ആദ്യകാല നോവലിസ്റ്റ് ഒയ്യാരത്ത് ചന്തു മേനോൻ തുടങ്ങിയ പ്രമുഖ ന്യായാധിപൻമാരും അഭിഭാഷകരും സേവനം ചെയ്ത കോടതി കൂടിയാണിത്.
കോർട്ട് കോംപ്ലക്സ് നിർമാണത്തിന് കണ്ണിയംപുറത്ത് മിനി സിവിൽ സ്റ്റേഷനോട് ചേർന്നുള്ള ഒന്നര ഏക്കറിലേറെ വരുന്ന സ്ഥലമോ അനുയോജ്യമായ മറ്റേതെങ്കിലും സ്ഥലമോ കണ്ടെത്തണമെന്നും ഹിസ്റ്ററി ക്ലബ് ഭാരവാഹികളായ ബോബൻ മാട്ടുമന്ത, അഡ്വ. ലിജോ പനങ്ങാടൻ, ഡോ. ഹേമന്ത ചന്ദ്രൻ നായർ, പ്രഫ. എസ്. രാജശേഖരൻ നായർ എന്നിവർ ആവശ്യപ്പെട്ടു. 23.35 കോടി ചെലവ് പ്രതീക്ഷിക്കുന്ന കോടതി സമുച്ചയ നിർമാണത്തിനായി ഭരണാനുമതിയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.