ഒറ്റപ്പാലം ബസ് സ്റ്റാൻഡിലെ പഴയ വ്യാപാര സമുച്ചയത്തിന് ബലക്ഷയമെന്ന്വിദഗ്ധ സംഘം
text_fieldsഒറ്റപ്പാലം: നഗരസഭ ബസ് സ്റ്റാൻഡിലെ പഴയ വ്യാപാര സമുച്ചയത്തിന് ബലക്ഷയമുള്ളതായി വിദഗ്ധ സംഘവും സാക്ഷ്യപ്പെടുത്തി. കെട്ടിടം ബലക്ഷയം നേരിടുന്നതിനാൽ പൊളിച്ചുനീക്കി പുതിയത് നിർമിക്കണമെന്ന് കഴിഞ്ഞ കൗൺസിലിന്റെ കാലത്ത് പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടിരുന്നു.
തൃശൂർ എൻജിനീയറിങ് കോളജിലെ വിദഗ്ധ സംഘം പരിശോധന നടത്തിയാണ് ബലക്ഷയം ശരിവെക്കുന്ന റിപ്പോർട്ട് നഗരസഭക്ക് സമർപ്പിച്ചത്. ഇതോടെ കെട്ടിടം പൊളിച്ചുനീക്കി പുതിയത് നിർമിക്കാതെ നിവൃത്തിയില്ലെന്ന അവസ്ഥയിലാണ് നഗരസഭ. കെട്ടിടത്തിന്റെ സ്ഥിതിഗതികൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നഗരസഭ തന്നെയാണ് വിദഗ്ധ സംഘത്തെ നിയോഗിച്ചത്.
നഗരസഭ ബസ് സ്റ്റാൻഡിനും പാലക്കാട് - കുളപ്പുള്ളി പാതക്കും മധ്യേ റോഡിനോട് ചേർന്നാണ് അര നൂറ്റാണ്ടോളം പഴക്കമുള്ള കെട്ടിടമുള്ളത്. സഹകരണ ബാങ്ക് ഉൾപ്പടെ ഇരുപതോളം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടം ശോച്യാവസ്ഥയിലായിട്ട് പതിറ്റാണ്ടിലേറെയായി.
മുകൾ നില ചോർന്നൊലിച്ചും സീലിങ് അടർന്നും ഭീഷണിയിലായ സാഹചര്യത്തിൽ കെട്ടിടത്തിന് മുകളിൽ ഷീറ്റ് മേഞ്ഞാണ് ചോർച്ചക്ക് താൽക്കാലിക പരിഹാരം കണ്ടത്. എന്നാൽ കോൺക്രീറ്റ് അടർന്നുവീഴുന്നത് ഇടക്കിടെ തുടർന്നു. ഇതുമൂലം പലർക്കും പരിക്കേൽക്കുകയും ചെയ്തു. വിപുലീകരണം പൂർത്തിയായ ബസ് സ്റ്റാൻഡിനോട് ചേർന്ന് പുതിയ ഷോപ്പിങ് കോംപ്ലക്സ് യാഥാർഥ്യമായിട്ടുണ്ട്.
പഴയ കെട്ടിടം പൊളിക്കുന്നതോടെ വീതികുറവ് മൂലം ഭീഷണിയിലായ സ്റ്റാൻഡിലേക്കുള്ള കവാടങ്ങളും ഇല്ലാതാകുമെന്ന ആശ്വാസമുണ്ട്. കഷ്ടിച്ച് ഒരു ബസിന് പോകാൻ മാത്രം വീതിയുള്ള കവാടത്തിൽ അകപ്പെടുന്നവർ പ്രാണരക്ഷാർഥം ഓടിരക്ഷപ്പെടുകയാണ്. ഇതിന് പുറമെ ബസുകളുടെ വശങ്ങൾ കവാടത്തിന്റെ ഭിത്തിയിൽ ഉരഞ്ഞും മറ്റും കേടുപാട് സംഭവിക്കുന്നതും പതിവാണ്. കവാടം വീതി കൂട്ടുന്നതിന് കെട്ടിടം പൊളിക്കണമെന്ന അവസ്ഥയാണ്.
നാഷനൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച്ച് സെൻറർ (നാറ്റ് പാക്) സംഘം നേരത്തെ നടത്തിയ പരിശോധനയിൽ ഇടുങ്ങിയ കവാടങ്ങൾ മൂലമുള്ള അപകട സാധ്യത എടുത്തുപറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.