ഒറ്റപ്പാലം മേഖലയിൽ നേന്ത്രക്കായക്ക് തോന്നിയ വില
text_fieldsഒറ്റപ്പാലം മേഖലയിൽ നേന്ത്രക്കായക്ക് തോന്നിയ വിലഒറ്റപ്പാലം: തിരുവോണത്തിന് രണ്ടുനാൾ മാത്രം ശേഷിക്കെ വിപണികളിൽ നേന്ത്രക്കായക്ക് തോന്നിയ വില. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നേന്ത്രക്കായക്ക് വില വർധന പ്രകടമാണ്. ഇത്തവണ കിലോക്ക് 65 മുതൽ 75 രൂപ വരെയാണ് വില.
ചില സഹകരണ സ്ഥാപനങ്ങളുടെ ഓണച്ചന്തയിൽ സ്വകാര്യ വിപണികൾക്ക് സമാനമായി 70 രൂപക്കാണ് വിൽപന തുടരുന്നത്. മൊത്തവ്യാപാര കേന്ദ്രത്തിൽ ശനിയാഴ്ച 60 രൂപ വരെ വില ഉയർന്നു. അപൂർവം സഹകരണ ഓണച്ചന്തകളിൽ 58 രൂപക്കാണ് നേന്ത്രക്കായ വിൽക്കുന്നത്.
2017ലെ ഓണക്കാലത്താണ് നേന്ത്രക്കായ വില കുതിച്ചുയരുന്നത്. 75 - 80 രൂപയായിരുന്നു അന്ന്. 2018ൽ 70 ഉം 2019, 2020 വർഷങ്ങളിൽ 65 രൂപ വീതവും ഉണ്ടായിരുന്നു.
കഴിഞ്ഞ വർഷം തിരുവോണം അടുക്കെ 70 രൂപയായിരുന്നു വില. ഇനിയുള്ള പൂരാടം, ഉത്രാടം ദിവസങ്ങളിൽ വില ഇനിയും ഉയരാനുള്ള സാധ്യത വ്യാപരികൾ തള്ളിക്കളയുന്നില്ല. നാടൻ കായകൾ താരതമ്യേന കുറവായതിനാൽ തമിഴ്നാട്ടിൽ നിന്നെത്തുന്നവയെയാണ് വ്യാപാരികൾ കൂടുതൽ ആശ്രയിക്കുന്നത്.
വില വർധന പരിഗണിക്കാതെ ഓണംവരെ 70 രൂപക്ക് നേന്ത്രക്കായ വിൽക്കാനാണ് തീരുമാനമെന്ന് ജൈവരീതിയിൽ കൃഷിയിറക്കുന്ന പാലപ്പുറത്തെ കർഷകനും വ്യാപാരിയുമായ പുത്തൻവീട്ടിൽ അപ്പാരു പറയുന്നു.
അതേസമയം, ഓണത്തോടനുബന്ധിച്ച് പച്ചക്കറി ഇനങ്ങളിൽ പയറിന് മാത്രമാണ് വില കൂടിയത്. മൊത്തക്കച്ചവട കേന്ദ്രത്തിൽ 75 രൂപയാണ് ശനിയാഴ്ച ഒരു കിലോ പയറിന് വില.
ചില്ലറ വിൽപന കേന്ദ്രങ്ങളിൽ നൂറിന് അടുത്തും വിലയുണ്ട്. പ്രദേശിക കർഷകർ എത്തിക്കുന്ന ഉൽപന്നത്തിന് ഗ്രാമീണ മേഖലയിലെ വിപണികളിൽ അൽപം വിലക്കുറവുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.