മഴ കുറഞ്ഞു, നിള മെലിഞ്ഞു
text_fieldsഒറ്റപ്പാലം: പെരുമഴ പെയ്തൊഴിഞ്ഞതിന് പിറകെ ഒറ്റപ്പാലത്തെ നിളയുടെ ജലസമൃദ്ധിയും മെലിയുന്നു. ഒരാഴ്ച മുമ്പ് കരകവിഞ്ഞൊഴുകി കാഴ്ചക്കാരെ ആകർഷിച്ച പുഴക്കാണ് ഈ ഭാവമാറ്റം. കർക്കടക പിറവിക്ക് രണ്ട് ദിവസം മുമ്പ് പുണർതം ഞാറ്റുവേലയുടെ പുണ്യമായി പെയ്തിറങ്ങിയ ശക്തമായ മഴയിലാണ് പുഴ ഇരുകരമുട്ടി പരന്നൊഴുകിയത്.
തുടർന്നും ഭേദപ്പെട്ട മഴ പെയ്തിറങ്ങിയതിനെ തുടർന്നുണ്ടായ ശക്തമായ കുത്തൊഴുക്കിൽ പുഴ ഈ വർഷം ആദ്യമായി കരകവിഞ്ഞൊഴുകി. മഴയുടെ ശക്തി കുറഞ്ഞതോടെ പുഴയിൽ വളർന്ന ചെടികളും പൊന്തക്കാടുകളും പുറമേക്ക് പ്രത്യക്ഷപ്പെട്ടു തുടങ്ങി.
നാട്ടിൻ പുറങ്ങളിൽ നിന്നൊഴുകി നിളയിൽ ചേരുന്ന തോടുകളിലും മഴയുടെ തോത് വെള്ളക്കുറവിന് ഇടയാക്കിയിട്ടുണ്ട്. ഒറ്റപ്പാലത്തിന്റെ അപ്പുറവും ഇപ്പുറവുമുള്ള പ്രദേശങ്ങളിൽ മഴ മാറിനിൽക്കുമ്പോഴും പുഴ പൊതുവെ ജലസമൃദ്ധമായിരിക്കും. ജല സംഭരണത്തിനായി തടയണ പോലുള്ള സംവിധാനങ്ങൾ ഒറ്റപ്പാലത്ത് ഇല്ലാത്തതാണ് പുഴ മെലിയാൻ കാരണമാകുന്നത്. കർക്കടക വാവുബലിക്ക് മുങ്ങി നിവരാൻ പോലും വെള്ളമില്ലാത്ത ദൗർഭാഗ്യവും ഒറ്റപ്പാലത്തെ നിളക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.