എന്നുവരും അമ്പലപ്പാറയിൽ പൊലീസ് ഔട്ട്പോസ്റ്റ്
text_fieldsഒറ്റപ്പാലം: അമ്പലപ്പാറയിൽ അനുവദിച്ച പൊലീസ് ഔട്ട് പോസ്റ്റ് ചുവപ്പ് നാടയിൽ കുരുങ്ങി. ആഭ്യന്തര വകുപ്പിൽനിന്ന് അനുമതി വൈകുന്നതാണ് കാരണം. ജില്ല പൊലീസ് സൂപ്രണ്ടിന് ഒറ്റപ്പാലം സ്റ്റേഷൻ അധികാരികൾ സമർപ്പിച്ച അപേക്ഷ അയച്ചതിനെ തുടർന്ന് ഡി.ജി.പി റിപ്പോർട്ട് തേടിയിരുന്നു. മാത്രമല്ല, അമ്പലപ്പാറ പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിൽ ഇതിനായി നമ്പർ രേഖപ്പെടുത്തി മുറി അനുവദിച്ചതിെൻറ രേഖകൾ സമർപ്പിച്ചിട്ടും നടപടിയായില്ല.
ഒറ്റപ്പാലം സ്റ്റേഷെൻറ വിശാലമായ അധികാരപരിധിയിൽ വരുന്ന അമ്പലപ്പാറയിൽ രാഷ്ട്രീയ സംഘർഷങ്ങളും സംഘം ചേർന്നുള്ള ആക്രമണങ്ങളും മോഷണം ഉൾെപ്പടെയുള്ള കുറ്റകൃത്യങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പൊലീസ് സ്ഥാപിക്കണമെന്ന നിർദേശമുണ്ടായത്. അനുയോജ്യമായ സ്ഥലം കണ്ടെത്താൻ കഴിയാത്തതാണ് പകരം ഒരുഔട്ട് പോസ്റ്റ് എന്നതിലേക്ക് ചുരുങ്ങിയത്. മൂന്നുപേർ വീതം രണ്ട് ഷിഫ്റ്റുകളിലായി പ്രവർത്തിക്കുന്ന ഔട്ട് പോസ്റ്റിൽ ആറ് പൊലീസുകാരെ നിയമിക്കുമെന്നാണ് പ്രഖ്യാപനം. വയർലെസ് സംവിധാനങ്ങളും ഔട്ട് പോസ്റ്റിലുണ്ടാകും.
പൊതുജനങ്ങളിൽനിന്ന് പരാതി സ്വീകരിക്കൽ, പരിഹാര നടപടികൾ, അന്വേഷണം, രാത്രികാല പട്രോളിങ് തുടങ്ങിയ അടിസ്ഥാന സേവനങ്ങൾ ലഭ്യമാകും. പരിഹരിക്കാനാവാത്ത പരാതികൾ ഒറ്റപ്പാലം സ്റ്റേഷനിലേക്ക് കൈമാറുന്നതാണ് ക്രമീകരണം. പഞ്ചായത്ത് കെട്ടിടത്തിൽ കുടുംബശ്രീ ഹെൽപ് ഡെസ്ക് പ്രവർത്തിച്ചിരുന്ന ഓഫിസ് മുറിയാണ് ഔട്ട് പോസ്റ്റിന് പഞ്ചായത്ത് വിട്ടുനൽകുന്നത്. ഒറ്റപ്പാലം നഗരസഭ, അമ്പലപ്പാറ, ലക്കിടി, അനങ്ങനടി, വാണിയംകുളം എന്നീ പഞ്ചായത്തുകളുമാണ് സ്റ്റേഷെൻറ പരിധിയിൽ വരുന്നത്. ഒറ്റപ്പാലം സ്റ്റേഷനിലെ കേസുകളുടെ എണ്ണക്കൂടുതലും പൊലീസുകാരുടെ കുറവും അമ്പലപ്പാറ മേഖലയിൽനിന്നുള്ള കേസുകളുടെ വർധനവും ചൂണ്ടിക്കാട്ടിയാണ് അമ്പലപ്പാറയിൽ പൊലീസ് സ്റ്റേഷൻ ആരംഭിക്കണമെന്ന ആവശ്യം ആഭ്യന്തര വകുപ്പിനെ ധരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.