അരനൂറ്റാണ്ട് പിന്നിട്ട ഇന്ത്യ-പാക് യുദ്ധസ്മരണകളുമായി അവർ ഒത്തുചേർന്നു
text_fieldsഒറ്റപ്പാലം: അരനൂറ്റാണ്ട് മുമ്പ് നടന്ന ഇന്ത്യ-പാക് യുദ്ധത്തിന്റെ വീരസ്മരണകളുമായി നാടിനെ കാത്ത വീരയോദ്ധാക്കൾ അവശത മറന്ന് ഒത്തുകൂടി. അമ്പലപ്പാറ സർവിസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആദരം പരിപാടിയിലാണ് രണവീര്യം പകർന്ന ഓർമകളുമായി ഇവരൊന്നിച്ചത്.
ഒറ്റപ്പാലം നഗരസഭ, അമ്പലപ്പാറ, ലക്കിടി-പേരൂർ പഞ്ചായത്തുകളിൽ നിന്നായി 61 വിമുക്തഭടന്മാരും യുദ്ധത്തിൽ വീരമൃത്യു വരിച്ച യോദ്ധാക്കളുടെ 24 പത്നിമാരുമാണ് പങ്കെടുത്തത്. 1971ൽ നടന്ന ഇന്ത്യ-പാക് യുദ്ധത്തിൽ പങ്കെടുത്ത ഇവർക്ക് വീര സാഹസികതകൾ വേണ്ടത്ര പങ്കുവെക്കാനുണ്ടായിരുന്നു. അഡ്വ. കെ. പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.
റിട്ട. കേണൽ പി. രാമകൃഷ്ണൻ നായർ, സി. ഗംഗാധരൻ, രാംകുമാർ, മേജർ കെ. രവീന്ദ്രൻ തുടങ്ങിയവർ അനുഭവം പങ്കുവെച്ചു. ബംഗ്ലാദേശ് അതിർത്തിയിലെ പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങി കശ്മീർ വരേക്ക് നീണ്ട ഈസ്റ്റേൺ സെക്ടറിലും മണിപ്പൂർ, നാഗാലാൻഡ്, അസം തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെട്ട വെസ്റ്റേൺ സെക്ടറിലുമുള്ള സൈന്യത്തിൽ മുന്നണിപ്പോരാളികളായി വീറ് തെളിയിച്ചവരായിരുന്നു ഇവർ. ബാങ്ക് പ്രസിഡൻറ് കെ.വി. സോമസുന്ദരൻ അധ്യക്ഷത വഹിച്ചു. റിട്ട. സുബേദാർ മേജർ പുറക്കാട്ട് ഉണ്ണികൃഷ്ണൻ വിശദീകരണം നടത്തി.
ബാങ്കിൽ ആഴ്ചയിലൊരിക്കൽ നടപ്പാക്കുന്ന കൈത്തറി വസ്ത്രം പദ്ധതിയുടെ ഉദ്ഘാടനവും എം.എൽ.എ നിർവഹിച്ചു. ഒറ്റപ്പാലം സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ കെ. സുരേഷ്, അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. വിജയലക്ഷ്മി, സി.സി. രാജൻ, കെ.പി. ഹരികൃഷ്ണൻ, ബാങ്ക് സെക്രട്ടറി എം. മോഹൻകുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.