കളിയല്ല, കായികപ്രേമികൾക്ക് കാര്യമാണ് ഈ കളിസ്ഥലം
text_fieldsഒറ്റപ്പാലം: അമ്പലപ്പാറയിലെ പഞ്ചായത്ത് കളിസ്ഥലത്തിന് ശാപമോക്ഷമായില്ല. ഉദ്‌ഘാടനം കഴിഞ്ഞ് മൂന്ന് പതിറ്റാണ്ടിലേറെ പിന്നിട്ടിട്ടും കളിസ്ഥലമായി മാറ്റിയ പഞ്ചായത്ത് മൈതാനത്തിന് പ്രഖ്യാപനങ്ങൾക്കപ്പുറം രൂപഭേദമൊന്നും ഉണ്ടായില്ല. പരിമിതികൾക്കിടയിലും കേരളോത്സവത്തോടനുബന്ധിച്ച കായിക മത്സരങ്ങളും ക്ലബുകളുടെ വാർഷികാഘോഷ പരിപാടികളുടെ ഭാഗമായ മത്സരങ്ങളും ക്രിക്കറ്റ്, ഫുട്ബാൾ കളികളും നടന്നിരുന്നത് ഇന്ന് പഴങ്കഥയാണ്. പരിസരവാസികളിൽ ചിലർ താൽപര്യമുള്ള കളികൾക്കായി ഇവിടെ എത്തുന്നതിനാലാണ് പഞ്ചായത്ത് കളിസ്ഥലം ഒരു അടയാളമായി നിലനിൽക്കുന്നത്.
തലമുറകൾ നെഞ്ചേറ്റിയ സ്വപ്നമായിരുന്നു അമ്പലപ്പാറയിലെ പൊതു കളിസ്ഥലം. അമ്പലപ്പാറ പ്രാഥമികാശുപത്രിക്ക് സമീപമുള്ള ഒരേക്കറിലേറെ വിസ്തൃതിയിലുള്ള മിച്ചഭൂമി പഞ്ചായത്ത് ഏറ്റെടുത്ത് മൈതാനമാക്കിയത് 1985 കാലത്താണ്. ഇതിെൻറ ഒരറ്റത്ത് സ്റ്റേജും രണ്ട് മുറികളും രണ്ട് ശുചിമുറികളും നിർമിച്ച് 1988ലാണ് കളിസ്ഥലം ഉദ്‌ഘാടനം ചെയ്തത്. പിന്നീട് ചുറ്റുമതിലും യാഥാർഥ്യമാക്കി. എന്നാൽ പിന്നീട് അറ്റകുറ്റപ്പണികൾ നടക്കാത്തതുമൂലം എല്ലാം താളംതെറ്റി. കാലപ്പഴക്കവും സംരക്ഷണത്തിെൻറ അഭാവവും മൂലം സ്റ്റേജ് ഉൾപ്പെടെയുള്ള മുറികൾ ശോച്യാവസ്ഥയിലായി. ശുചിമുറികൾ ഉപയോഗയോഗ്യമല്ലാതെ കിടക്കുന്നു. ഇക്കാലയളവിൽ കെട്ടിടത്തിൽ വൈദ്യുതി എത്തിക്കാൻ പോലും കഴിഞ്ഞിട്ടില്ല.
മൈതാനത്ത് വേനലിൽ പൊടി ഉയരുകയും മഴയിൽ ചളി നിറയുകയും ചെയ്യും. മൈതാനത്തിലൂടെ കുത്തിയൊഴുകുന്ന വെള്ളം സംരക്ഷണഭിത്തിക്കും ഭീഷണിയായിട്ടുണ്ട്. നിരവധി കുടുംബങ്ങളുടെ സഞ്ചാര വഴിയിലാണ് പടിഞ്ഞാറ് ഭാഗത്തെ ചുറ്റുമതിൽ അപകടാവസ്ഥയിലുള്ളത്. മുൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് മൈതാനത്തിെൻറ നവീകരണ പ്രവർത്തികൾക്കായി ഒന്നരക്കോടി രൂപ അനുവദിച്ചിരുന്നതാണ്. ഫ്ലഡ് ലിറ്റ് മൈതാനത്തിന് പുറമെ ടർഫ് വിരിക്കൽ, ജിംനേഷ്യം, കോൺഫറൻസ് ഹാൾ, സ്റ്റേജ് തുടങ്ങിയ ഉൾപ്പെട്ടതായിരുന്നു പദ്ധതി. സർക്കാറിെൻറ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി പിന്നീട് ഫണ്ട് വെട്ടിക്കുറച്ചതോടെ പദ്ധതിയും കടലാസിൽ ഒതുങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.