റോഡ് നിർമാണത്തിൽ തിളങ്ങി തൊഴിലുറപ്പ് തൊഴിലാളികൾ
text_fieldsഒറ്റപ്പാലം: കിണർ കുഴിക്കാൻ മാത്രമല്ല, റോഡുകളുടെ കോൺക്രീറ്റ് പ്രവൃത്തികളും ഏറ്റെടുത്ത് പൂർത്തിയാക്കാൻ കഴിയുമെന്ന് തെളിയിക്കുകയാണ് ഒറ്റപ്പാലം നഗരസഭയിലെ അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികൾ.
വാർഡ് ഒന്നിന് നാല് ലക്ഷം രൂപയാണ് നഗരസഭ ഇതിനായി നീക്കിവെച്ചത്. 70 പ്രവൃത്തി ദിനങ്ങളാണ് ഒരു വാർഡിലെ പ്രവൃത്തിക്കായി കണക്കാക്കുന്നത്. ഇങ്ങനെ 36 വാർഡുകളിലായി 1.44 കോടി രൂപയുടെ നിർമാണമാണ് പൂർത്തിയാക്കുക. 2500 ലേറെ തൊഴിൽ ദിനങ്ങൾ ഇതുമായി ബന്ധപ്പെട്ട് തൊഴിലാളികൾക്ക് നേടാം. വിദഗ്ധരുടെ ഉപദേശങ്ങൾ സ്വീകരിച്ചാണ് ഇവർ ജോലിയുമായി മുന്നോട്ടുപോകുന്നത്.
ഫെബ്രുവരി 25ന് റോഡുകളുടെ കോൺക്രീറ്റ് പ്രവർത്തികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമെന്ന് നഗരസഭ ഉപാധ്യക്ഷൻ കെ.രാജേഷ് പറഞ്ഞു. ഇതിനുള്ള ഊർജിത ശ്രമത്തിലാണ് തൊഴിലാളികളും. കഴിഞ്ഞ വർഷം 55,547 തൊഴിൽദിനങ്ങളിലായി 2.22 കോടി രൂപ ചെലവിട്ട് ഒറ്റപ്പാലം നഗരസഭ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനത്ത് നാലാം സ്ഥാനവും നേടിയിരുന്നു.
ഇത്തവണ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടാനാകുമെന്ന പ്രതീക്ഷയിലാണെന്ന് രാജേഷ് പറഞ്ഞു. നിലവിൽ 1,500 ഓളം തൊഴിലാളികൾ നഗരസഭക്കുണ്ട്. കഴിഞ്ഞ വർഷം നഗരസഭ പരിധിക്കകത്ത് വിവിധയിടങ്ങളിലായി 23 കിണറുകൾ നിർമിച്ച് പൊതുജന ശ്രദ്ധ നേടാനും തൊഴിലാളികൾക്ക് കഴിഞ്ഞിരുന്നു. 2014ലാണ് ഒറ്റപ്പാലം നഗരസഭയിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് തുടക്കമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.