അനധികൃത പാർക്കിങ്; കണ്ണിയംപുറം വീർപ്പുമുട്ടുന്നു
text_fieldsഒറ്റപ്പാലം: പിഴ ഉൾപ്പെടെയുള്ള നടപടികൾക്ക് ശേഷവും കണ്ണിയംപുറത്ത് അനധികൃത പാർക്കിങ് പൊടിപൊടിക്കുന്നു. കാൽനടക്കാർക്കും വാഹനങ്ങൾക്ക് വഴികൊടുക്കാൻ അരിക് ചേരുന്ന വാഹനങ്ങൾക്കും അനധികൃത പാർക്കിങ് സൃഷ്ടിക്കുന്ന പെടാപാട് ചില്ലറയല്ല. രാപകൽ തിരക്കൊഴിയാത്ത പാലക്കാട്-കുളപ്പുള്ളി പാതയിൽ കണ്ണിയംപുറം വള്ളുവനാട് ആശുപത്രി മുതൽ സെവൻത് ഡേ ആശുപത്രി വരെയുള്ള പാതയോരങ്ങളിൽ നിർത്തിയിട്ട വാഹനങ്ങളുടെ നീണ്ട നിരയാണ്.
സീബ്രാ ലൈൻ പോലും ഒഴിവാക്കാതെയാണ് വാഹനങ്ങളുടെ പാർക്കിങ്. വാഹനങ്ങളിൽ പലതും പാതയിലേക്ക് കയറ്റിയിട്ട നിലയിൽ മണിക്കൂറുകളോളമാണ് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. അനധികൃത പാർക്കിങ്ങിനെതിരെ നിരന്തരം പരാതികൾ ഉയർന്ന സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പ് 20 വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചത് സെപ്റ്റംബർ അന്ത്യത്തോടെയാണ്. 10,000 രൂപ പിഴയും ഈടാക്കിയിരുന്നു. എന്നാൽ, തൊട്ടടുത്ത ദിവസവും അനധികൃത പാർക്കിങ് അനുസ്യൂതം തുടരുന്നതാണ് കണ്ടത്. കണ്ണിയംപുറം വള്ളുവനാട് ആശുപത്രിയിൽ എത്തിക്കുന്ന രോഗികളിൽ ഭൂരിഭാഗത്തിന്റെയും വാഹനങ്ങൾക്കും ആശുപത്രി വളപ്പിൽ ഇടമില്ലാത്ത സാഹചര്യത്തിൽ പാർക്കിങ്ങിന് ആശ്രയിക്കുന്നത് പാതയോരമാണ്. മിനി സിവിൽ സ്റ്റേഷൻ, ഗവ. ആയുർവേദ ആശുപത്രി, സെവൻത് ഡേ ആശുപത്രി തുടങ്ങി ജനങ്ങൾ ഏറെ ആശ്രയിക്കുന്ന സ്ഥാപനങ്ങൾ ഇതിന് ചുറ്റുവട്ടത്തുണ്ട്.
ഇതിനും പുറമെയാണ് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള പരിശോധനകൾ. ഇതിന്റെ ഭാഗമായും റോഡരികിൽ നിര നിരയായാണ് വാഹന പാർക്കിങ്. പ്രതിമാസ താലൂക്ക് വികസന സമിതി യോഗങ്ങളിലെ സ്ഥിരം പരാതിയാണ് കണ്ണിയംപുറത്തെ അനധികൃത പാർക്കിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.