ആറര പതിറ്റാണ്ട് വിജ്ഞാനം പകർന്ന വായനശാലക്ക് പുതിയ കെട്ടിടമായി
text_fieldsഒറ്റപ്പാലം: ആറര പതിറ്റാണ്ട് കാലം ത്രാങ്ങാലി ഗ്രാമത്തിന് അക്ഷര വെളിച്ചം പകർന്ന വാമനൻ സ്മാരക യുവജന കലാസമിതി വായനശാലക്ക് പുതിയ കെട്ടിടം ഒരുങ്ങി. മുൻ എം.പി എം.ബി. രാജേഷിന്‍റെ 2017-18 വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ച കാൽകോടി രൂപ ചെലവിട്ട് നിർമിച്ച ഇരുനില കെട്ടിടം ശനിയാഴ്ച നാടിന് സമർപ്പിക്കുമെന്ന് വായനശാല പ്രസിഡൻറ് ഡി.ബി. ജനാർദനൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 1957ൽ പരേതനായ വാമനൻ നമ്പൂതിരിപ്പാട് ശിവരാത്രിക്ക് നാടകം കളിക്കാനായി ത്രാങ്ങാലിയിൽ തുടക്കമിട്ട കലാസമിതിയാണിത്. നാട്ടുകാരുടെ ശ്രമഫലമായി 1970ൽ സ്വന്തം കെട്ടിടം യാഥാർഥ്യമാക്കി. 1997ൽ സംസ്ഥാന ലൈബ്രറി കൗൺസിലിന്‍റെ അംഗീകാരം ലഭിച്ചു. 2019ൽ മികച്ച ലൈബ്രറിക്കുള്ള താലൂക്കുതല അവാർഡ് നേടി. നിലവിൽ എ ഗ്രേഡ് വായനശാലയാണിത്. ഇരുനില കെട്ടിടത്തിന്‍റെ താഴത്തെ നിലയിൽ ലൈബ്രറിയും റീഡിങ് റൂമും മുകൾ നിലയിൽ വിശാലമായ ഹാളുമുണ്ട്. നിലവിൽ പതിനായിരത്തിലേറെ പുസ്തകമുള്ളത് ഉദ്‌ഘാടനത്തോടെ 20,000 ആക്കി ഉയർത്താൻ ലക്ഷ്യമുള്ളതായും അദ്ദേഹം പറഞ്ഞു. വൈകീട്ട് ആറിന് സ്പീക്കർ എം.ബി. രാജേഷ് കെട്ടിടോദ്‌ഘാടനം നിർവഹിക്കും.
പി. മമ്മിക്കുട്ടി എം.എൽ.എ അധ്യക്ഷത വഹിക്കും. വി.കെ. ശ്രീകണ്ഠൻ എം.പി മുഖ്യാതിഥിയാകും. വാർത്തസമ്മേളനത്തിൽ വാണിയംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ഗംഗാധരൻ, വായനശാല സെക്രട്ടറി ഡി. നാരായണദാസൻ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.