നൂറ്റാണ്ടുകളുടെ പെരുമയിലും ചളിക്കുളമായി വാണിയംകുളം കാലിച്ചന്ത
text_fieldsഒറ്റപ്പാലം: ആഴ്ചതോറും കോടികളുടെ കച്ചവടം നടക്കുന്ന വാണിയംകുളം കന്നുകാലി ചന്ത ചളിക്കുളമായി. നൂറ്റാണ്ടുകളുടെ ചന്ത പെരുമ സംബന്ധിച്ച കേട്ടറിവുമായി വാണിയംകുളത്തെത്തുന്നവർക്ക് എങ്ങനെ സ്ഥലം വിടാമെന്ന ഒരൊറ്റ ചിന്ത മനസ്സിൽ രൂപം കൊള്ളുന്ന അവസ്ഥയിലേക്ക് കാലി ചന്ത മാറിക്കഴിഞ്ഞു.
കെട്ടിനിൽക്കുന്ന മഴ വെള്ളത്തോടൊപ്പം ചാണകവും കന്നുകാലികളുടെ മൂത്രവും വൈക്കോലിന്റെ അവശിഷ്ടങ്ങളും കുഴഞ്ഞ് മറിഞ്ഞ് കാലുകുത്താൻ കഴിയാതെ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ചന്ത. കച്ചവടക്കാരും അവരുടെ സഹായികളും ബ്രോക്കർമാരും ഉരുക്കളെ വാങ്ങാനെത്തുന്നവരും ഉൾപ്പെടെ ചന്തയിലെത്തുന്ന ആയിരങ്ങളാണ് ശുചിത്വമില്ലായ്മയുടെ ദുർഗന്ധം സഹിക്കാൻ നിർബന്ധിതരാവുന്നത്. ഇതര സംസ്ഥാനങ്ങളിൽനിന്ന് കാലികളുമായി ചന്തയിൽ എത്തുന്ന വാഹനങ്ങൾ ചേറിൽ കുളിച്ചാണ് മടക്കം. ചന്തയുടെ ദുരവസ്ഥ അറിയാവുന്ന കച്ചവടക്കാരിൽ ഭൂരിഭാഗവും മുട്ടോളമെത്തുന്ന ഗം ബൂട്ടുകൾ ധരിച്ചാണ് ചന്തയിൽ കച്ചവടം നടത്തുന്നത്.
ചളിയിൽ തെന്നി വീണും വസ്ത്രങ്ങളിൽ ചാണകം പുരണ്ടും ഉപജീവനത്തിനായി സാഹസപ്പെടുന്നവർ ചന്തയിലേറെയാണ്. വരാനിരിക്കുന്ന ശക്തമായ മഴക്കാലത്ത് ചന്തയിലെ ദുരിതം പതിന്മടങ്ങായി ഉയരും. ചന്തയും പരിസരവും വൃത്തിയായി സൂക്ഷിക്കാനോ മഴയിൽ കച്ചവടക്കാർക്ക് കയറി നിൽക്കുന്നതിനോ ആവശ്യമായ സൗകര്യങ്ങളൊരുക്കാൻ അധികൃതർക്ക് ഇതേവരെ കഴിഞ്ഞിട്ടില്ല. കന്നുകാലികൾക്കൊപ്പം കച്ചവടക്കാർ ഉൾപ്പടെയുള്ളവർ പെരുമഴ നനയേണ്ട അവസ്ഥക്ക് ചന്തയോളം പഴക്കമുണ്ട്.
സർക്കാർ ഫണ്ടിൽനിന്ന് കോടി രൂപ
ഒറ്റപ്പാലം: 2022-23 വർഷം സർക്കാർ ഫണ്ടിൽനിന്ന് ഒരുകോടി രൂപ ചന്തയുടെ നവീകരണത്തിന് അനുവദിച്ചതായി വാണിയംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ഗംഗാധരൻ പറഞ്ഞു. വിശ്രമ കേന്ദ്രം ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങളാണ് ലക്ഷ്യമിടുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പ് 16.42 ലക്ഷം രൂപ വിനിയോഗിച്ച് ചന്തയുടെ പകുതിയോളം ഭാഗം കോൺക്രീറ്റ് ചെയ്തെങ്കിലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.