വാണിയംകുളം ചന്ത ഉണർന്നു: 20 മാസത്തിനുശേഷമാണ് സജീവമാകുന്നത്
text_fieldsഒറ്റപ്പാലം: 20 മാസത്തെ നിശ്ചലാവസ്ഥക്ക് വിരാമം കുറിച്ച് വാണിയംകുളം കന്നുകാലി ചന്തയിൽ ആളും ആരവവും ഉയർന്നു. ചന്തയെ ചുറ്റിപ്പറ്റി നാളും മുഹൂർത്തങ്ങളും കുറിക്കുന്ന വാണിയംകുളം ഗ്രാമത്തിനും ഇതൊരു ഉത്സവക്കാഴ്ചയായി. ആഴ്ച ചന്തയുമായി ബന്ധപ്പെട്ട് കഴിഞ്ഞിരുന്ന കച്ചവടക്കാരടക്കം നൂറുക്കണക്കിന് ആളുകൾക്ക് ഉപജീവനമാർഗം തിരിച്ചുകിട്ടിയതിെൻറ ആഹ്ലാദവും ചന്തയിൽ ദൃശ്യമായി.
കോവിഡിനെ തുടർന്ന് 2020 മാർച്ച് 12ന് അടച്ചിട്ട ചന്ത വ്യാഴാഴ്ചയാണ് കച്ചവടത്തിനായി തുറന്നുകൊടുത്തത്. സംസ്ഥാനത്തെ ഭൂരിഭാഗം ചന്തകളും പ്രവർത്തിച്ചുതുടങ്ങി മാസങ്ങൾ പിന്നിട്ട ശേഷവും നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള വാണിയംകുളം ചന്ത അടഞ്ഞുതന്നെ കിടന്നു. 3000ത്തിലേറെ കന്നുകാലികളുടെ ഇടപാട് നടന്നിരുന്ന ആഴ്ച ചന്തയിൽ കച്ചവടം മൂന്നിലൊന്നായി ചുരുങ്ങി. തമിഴ്നാട്, ആന്ധ്ര, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് ലോറികളിലും മറ്റും പതിവായെത്തിക്കൊണ്ടിരുന്ന കന്നുകാലികളുടെ വരവിലുണ്ടായ കുറവാണ് ഇതിന് മുഖ്യകാരണം. അതേസമയം, ചന്തയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ആദ്യ ദിനത്തിൽ തന്നെ വ്യപാരികൾക്കിടയിൽ പരാതിയായി.
ഇതര സംസ്ഥാനങ്ങളിൽനിന്ന് തലേന്ന് ചന്തയിലെത്തുന്ന ലോറികളിലെ ജീവനക്കാർ ഉൾെപ്പടെയുള്ളവർക്ക് താങ്ങാനും പ്രഭാതകൃത്യങ്ങൾ നിർവഹിക്കാനും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തത് മുഖ്യ ചർച്ചയായി. കാലം മാറിയതോടെ സ്വന്തം കാറിലും മറ്റുമായി ചന്തയിലെത്തുന്ന കച്ചവടക്കാരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സ്ഥലക്കുറവ് സംബന്ധിച്ച പരാതികൾക്കും പരിഹാരം വേണമെന്ന ആവശ്യം ഉയർന്നു. ശരാശരി മൂന്ന് കോടിയിലേറെ രൂപയുടെ കച്ചവടമാണ് സാധാരണ ചന്തയിൽ നടന്നിരുന്നത്. കച്ചവടം മുടങ്ങാതെ തുടർന്നാൽ വരുംദിവസങ്ങളിൽ പഴയ പ്രതാപം വീണ്ടെടുക്കാനാവുമെന്ന് കന്നുകാലി വ്യാപാര അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി യൂസഫ് അപ്പക്കാട്ടിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.